പുതുവർഷം പിറന്നപ്പോൾ പുതിയൊരു തലമുറ കൂടിയാണ് പിറന്നത് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2025 ജനുവരി 1 മുതൽ 2039 വരെ ജനിക്കുന്ന തലമുറ ആയിരിക്കും ബീറ്റ ജനറേഷൻ എന്ന് അറിയപ്പെടുക. ഡിജിറ്റൽ ലോകത്തിൽ ജനിച്ചു വളരുന്ന ജെന്‍ ബീറ്റ കുട്ടികള്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ സങ്കേതവിദ്യകളുമായി അടുത്ത ബന്ധം പുലർത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എഐ, വെർച്വൽ റിയാലിറ്റി, ഇന്‍റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ആക്‌സസ് ചെയ്യാനും അവയിൽ പ്രാവീണ്യം നേടാനും ജനറേഷൻ ബീറ്റയ്ക്ക് കൂടുതൽ അവസരങ്ങളുണ്ട്. ജനറേഷൻ ബീറ്റയിൽ നിന്നുള്ള പലരും ഇരുപത്തിരണ്ടാം നൂറ്റാണ്ടിന്റെ ഉദയത്തിന് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ജനറേഷൻ ബീറ്റ ആരോഗ്യ സംരക്ഷണത്തിലും സാങ്കേതിക വിദ്യയിലും പുരോഗതി കൈവരിക്കുന്നതോടെ ഈ കാലയളവിൽ ജനിക്കുന്ന പല കുട്ടികൾക്കും കൂടുതൽ ആയുസ്സ് ഉണ്ടാകും. സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് ഇവർ നേതൃത്വം നൽകുമെന്നാണ് പഠനങ്ങൾ പറയുന്നത്. സാങ്കേതിക വിദ്യയ്ക്ക് ഒപ്പം വളരുന്ന തലമുറയാണെങ്കിലും ഈ തലമുറയുടെ സ്വകാര്യതയ്ക്കും മാനസികാരോഗ്യ ആശങ്കകൾക്കും കൂടുതൽ ഊന്നൽ നൽകണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2035 ആകുമ്പോഴേക്കും അവർ ആഗോളജനസംഖ്യയുടെ 16 ശതമാനം ആകുകയും ലോകത്തിന്റെ ഭാവിയായി മാറുകയും ചെയ്യും.
ജനറേഷൻ ബീറ്റ ജനറേഷൻ ആൽഫയെ പിന്തുടരുന്നു. 2010 -നും 2024 -നും ഇടയിൽ ജനിച്ചവരാണ് ജനറേഷൻ ആൽഫ. നിലവിലുള്ള തലമുറ. വളരെ പെട്ടെന്ന് തന്നെ സാങ്കേതികമാറ്റങ്ങൾ നടക്കുന്ന ഒരു ലോകത്താണ് ഇവർ ജനിച്ചത്. ഇതുവരെയുള്ള തലമുറയിൽ വെച്ച് ഏറ്റവും വിദ്യഭ്യാസ സമ്പന്നരും സാങ്കേതിക വിദ്യയുള്ള തലമുറയും ഇവർ ആയിരിക്കും.
ഇനി ഈ പേരൊക്കെ കണ്ടുപിടിക്കുന്നത് എങ്ങനെയാണെന്ന് കൂടി പറയാം. മനുഷ്യ ചരിത്രത്തിലെ പുതിയ യുഗങ്ങളെ സൂചിപ്പിക്കാന്‍ ഗ്രീക്ക് അക്ഷരമാലയില്‍ നിന്നാണ് ഈ പേരുകളെടുക്കുന്നത്. ജെന്‍ ആല്‍ഫ മുതലാണ് ഈ രീതി ആരംഭിക്കുന്നത്.
ആല്‍ഫ ജനറേഷന് മുമ്പ് ജനറേഷന്‍ സീ ആയിരുന്നു. 1997-നും 2010-നും ഇടയിൽ ജനിച്ചവരാണ് ഇന്ന് ഏറെ പറഞ്ഞു കേൾക്കുന്ന ജെൻസീകൾ. ഡിജിറ്റൽ ലോകത്ത് പൂർണമായും മുഴുകി വളർന്ന ആദ്യ തലമുറ. സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നവരും സാമൂഹിക ബോധമുള്ളവരും. ആഗോളതലത്തിലാണ് ഇവരുടെ കാഴ്ചപ്പാട്.
അതിന് മുമ്പ് 1981-നും 1996-നും ഇടയിൽ ജനിച്ചവരെ ജനറേഷന്‍ Y (മില്ലേനിയൽസ്) എന്നാണ് അറിയപ്പെടുന്നത്. ഇന്റർനെറ്റിന്റെയും സ്മാർട് ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും വളർച്ചയുടെ കാലത്ത് വളർന്നവർ ആണ് ഇവർ. ഉയർന്ന വിദ്യാഭ്യാസമുള്ളവർ. സാങ്കേതിക പരിജ്ഞാനമുള്ളവർ. അനുഭവങ്ങളെ വിലമതിക്കുന്ന തലമുറ. ആദർശവാദിയും സമൂഹത്തെക്കുറിച്ച് ബോധമുള്ളവരും ആണ് ഇവർ.
1965 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ജനിച്ചവർ ജനറേഷൻ എക്സ് എന്നാണ് അറിയപ്പെടുന്നത്. സാമൂഹിക മാനദണ്ഡങ്ങൾ മാറിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഇവർ വളർന്നത്. കമ്പ്യൂട്ടർ, വിഡിയോ ഗെയിം എന്നിവ അനുഭവിച്ച ആദ്യ തലമുറ. സ്വാതന്ത്ര്യം, കാര്യപ്രാപ്തി, തൊഴിൽ – ജീവിത സന്തുലിതാവസ്ഥ എന്നിവയ്ക്കാണ് ഈ തലമുറ പ്രാധാന്യം നൽകിയത്.
1946 മുതൽ 1964 വരെയുള്ള കാലഘട്ടം ബേബി ബൂമേഴ്സിന്റേതാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലത്താണ് ഇവർ ജനിച്ചത്. സാമ്പത്തിക കുതിച്ചു ചാട്ടമുണ്ടായ ആ കാലത്ത് വലിയ ജനസംഖ്യാ വർദ്ധനവാണ് ഉണ്ടായത്. സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടാൻ ഇവർക്ക് കഴിഞ്ഞില്ല.
1928 മുതൽ 1945 വരെ ഉള്ള കാലഘട്ടത്തിൽ ജനിച്ചവർ സൈലന്റ് ജനറേഷൻ അഥവാ നിശ്ശബ്ദ തലമുറയുടെ ഭാഗമായിരുന്നു. മഹാമാന്ദ്യത്തിന്റെയും രണ്ടാം ലോകമഹായുദ്ധത്തിന്റെയും സമയത്തിലൂടെ കടന്നു പോയ ഇവർക്ക് ടെക്നോളജിയുമായി വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല.
1901 മുതൽ 1927 വരെ ജനിച്ച തലമുറയെ ജിഐ ജനറേഷൻ (The Greatest Generation) എന്ന് വിളിക്കുന്നു. അവർ രണ്ടാം ലോകമഹായുദ്ധത്തിൽ പോരാടിയവർ ആണ്, മഹാമാന്ദ്യത്തിലൂടെ ജീവിച്ചു, കുടുംബത്തെ വളർത്തുന്നതിനുള്ള വെല്ലുവിളി നേരിട്ടവർ, അവർ ജാസ്, സ്വിംഗ് സംഗീതം എന്നിവ ജനകീയമാക്കി. അവർ സൈലൻ്റ് ജനറേഷൻ്റെയും ബേബി ബൂമറുകളുടെയും മാതാപിതാക്കളാണ്.