കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് ‘ജനങ്ങളുടെ ബജറ്റ്’ എന്ന് പ്രധാനമന്ത്രി പറഞ്ഞു. നിക്ഷേപത്തെയും സമ്പാദ്യത്തെയും പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴി തെളിക്കുന്നതാണെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനു പിന്നാലെ പുറത്തിറക്കിയ സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമ്പാദ്യം വർദ്ധിപ്പിക്കാനും സാമ്പത്തിക വളർച്ചയിൽ പൗരന്മാരെ പങ്കാളികളാക്കാനുമുള്ള സർക്കാരിന്റെ ലക്ഷ്യമാണ് ഈ നടപടികൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി കേന്ദ്ര പൊതുബജറ്റ്. അങ്ങേയറ്റം നിരാശാജനകമാണിത്. ദൗര്‍ഭാഗ്യകരമാണിത്. ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാല്‍, തെരഞ്ഞടുപ്പ് എവിടെവിടെ എന്നു നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റില്‍ കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കല്‍പ്പത്തെതന്നെ ഇത് അട്ടിമറിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല. വന്‍കിട പദ്ധതികളുമില്ല. എയിംസ്, റെയില്‍വേ കോച്ച് നിര്‍മ്മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണ്.
25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും കേരളത്തിനു ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസരംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുന്‍നിര്‍ത്തി കേരളത്തെ ശിക്ഷിക്കുകയാണ്. പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കില്ല. എന്നാല്‍, പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ? അതുമില്ല. വായ്പാപരിധിയുടെ കാര്യത്തിലടക്കം കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളെ അംഗീകരിച്ചിട്ടില്ല. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവിലയില്ല. റബ്ബര്‍-നെല്ല്-നാളികേര കൃഷികള്‍ക്ക് പരിഗണനയില്ല. അവയ്ക്കായി സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരമില്ല. റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കില്ല. ഒ.ബി.സി, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കോ കര്‍ഷക-കര്‍ഷകത്തൊഴിലാളി മേഖലകള്‍ക്കോ ന്യായമായി അവകാശപ്പെട്ടതൊന്നും ലഭിക്കുന്നില്ല.
കാര്‍ഷിക-വ്യവസായ രംഗങ്ങള്‍ക്കു വേണ്ട തോതിലുള്ള പരിഗണനകളില്ല എന്നു മാത്രമല്ല, കാര്‍ഷിക മേഖലയിലെ നാനാതരം സബ്‌സിഡികള്‍ വെട്ടിക്കുറച്ചു. തൊഴിലുറപ്പു പദ്ധതി പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കാശ്വാസകരമായിരുന്നു. അതിനുപോലും അര്‍ഹമായ വിഹിതം ബജറ്റ് നീക്കിവെക്കുന്നില്ല. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ വയനാട് പാക്കേജില്ലെന്നും കേരളമെന്ന പേരു പോലും പരാമര്‍ശിക്കാത്ത തരത്തിലുള്ള അവഗണനയാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ബജറ്റിലുള്ളത് രാഷ്ട്രീയ ലക്ഷ്യത്തോടെ ചില കാര്യങ്ങള്‍ നേടിയെടുക്കുകയെന്ന അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആദായ നികുതി പരിധി ഉയര്‍ത്തിയത് ഒരു പൊളിറ്റിക്കല്‍ ഗിമ്മിക്കാക്കി മധ്യവര്‍ഗത്തിന് അനുകൂലമായ ബജറ്റെന്ന പ്രചരണം നടത്തുന്നതല്ലാതെ ആഴത്തിലുള്ള ഒരു സമീപനവുമില്ല. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി താഴേക്കാണ് പോകുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു പ്രസക്തമായ നിര്‍ദേശങ്ങള്‍ ഒന്നുമില്ല എന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
ബുള്ളറ്റു കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്ഡ് കൊണ്ടുള്ള പരിഹാരമാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചു. എക്സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.
മോദി സർക്കാർ ഇതുവരെ അവതരിപ്പിച്ച ബജറ്റുകളിൽ ഏറ്റവും മികച്ച ബജറ്റാണ് 2025-26 ബജറ്റെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സാധാരണക്കാർക്കും ഇടത്തരക്കാർക്കും സ്ത്രീകൾക്കും യുവാക്കൾക്കും ഇത്രയധികം ആനുകൂല്യങ്ങൾ ലഭിച്ച ബജറ്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചരിത്രപരമായ പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രസർക്കാരിന്റേത് സാധാരണക്കാർക്കുവേണ്ടിയുള്ള ബജറ്റാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് 2025 ലെ ബജറ്റ് പ്രഖ്യാപനങ്ങളെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാധാരണക്കാർക്കും കർഷകനും യുവാക്കൾക്കും വനിതകൾക്കും മധ്യവർഗത്തിനും വേണ്ടി അക്ഷീണം പരിശ്രമിക്കുന്ന പ്രധാനമന്ത്രിക്ക് രാജീവ് ചന്ദ്രശേഖർ നന്ദി രേഖപ്പെടുത്തി. പത്ത് വർഷം കൊണ്ട് പ്രധാനമന്ത്രി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മാറ്റിമറിക്കുകയും കോൺഗ്രസ് ഭരണകാലത്തെ നഷ്ടപ്പെട്ട ദശകത്തിൽ നിന്നും പുനർനിർമ്മിക്കുകയും ചെയ്തുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
12 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല; ബജറ്റിൽ വമ്പൻ പ്രഖ്യാപനം.