ന്യൂയോർക്ക്: ഇറക്കുമതി തീരുവയുടെ കാര്യത്തിൽ ഇനിയാർക്കും ഇളവുണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. താരിഫുകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കാനുള്ള കരാറിന്റെ സാധ്യതയെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. നേരത്തേ തീരുമാനിച്ച പോലെ താരിഫുകൾ മാർച്ച് 4-ന് പ്രാബല്യത്തിൽ വരുമെന്നും ട്രംപ് വ്യക്തമാക്കി. ഇതിനൊപ്പം തന്നെ ചൈനക്കെതിരെ 10 ശതമാനം അധിക തീരുവയും ഇന്ന് മുതൽ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്‍റെ പ്രഖ്യാപനത്തെ തുടർന്ന് അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്.
ഈ രാജ്യങ്ങളിൽ നിന്ന് 25 ശതമാനം തീരുവ ഈടാക്കുമെന്ന് കഴിഞ്ഞ മാസം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഒരു മാസത്തേക്ക് തീരുവ നടപടികൾ ട്രംപ് മരവിപ്പിച്ചിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അമിത തീരുവകൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. 107 ബില്യൻ യുഎസ് ഡോളറിന്റെ (ഏകദേശം 9.34 ലക്ഷം കോടി രൂപ) യുഎസ് ഉൽപന്നങ്ങൾക്കു പകരത്തിനു പകരം തീരുവ ചുമത്തുമെന്നു ട്രൂഡോ പറഞ്ഞു.
യുഎസ് താരിഫ് പ്രഹരത്തെ നേരിടാൻ തയാറെടുക്കുകയാണെന്നു മറ്റൊരു വടക്കേ അമേരിക്കൻ രാജ്യമായ മെക്‌സിക്കോയും അറിയിച്ചു. യുഎസ് അമിത തീരുവ പദ്ധതികളുമായി മുന്നോട്ടു പോയാൽ ‘ബാക്കപ്’ പദ്ധതികളുണ്ടെന്നു കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താതെ മെക്‌സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു.