Thursday, July 31, 2025
Mantis Partners Sydney
Home » ചേലക്കരയിൽ ആര് നേടും? വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കു ഭൂരിപക്ഷം കുറയുമോ?

ചേലക്കരയിൽ ആര് നേടും? വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കു ഭൂരിപക്ഷം കുറയുമോ?

by Editor

ജനവിധി അറിയാൻ ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണെങ്കിലും ചേലക്കരയിൽ ഫലം തങ്ങൾക്കു അനുകൂലമാകുമെന്നു ഇരുമുന്നണികളും കണക്കുകൂട്ടുന്നു. 3000-ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ 28 വർഷത്തിനു ശേഷം മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 18,000 വോട്ടിന്‍റെ വൻ ഭൂരിപക്ഷമാണ് എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്. വിജയിക്കുമെന്ന് പുറമെ പറയുന്നുണ്ടെങ്കിലും വോട്ട് വർധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. പ്രാദേശിക നേതാവിനെ സ്ഥാനാർഥിയാക്കിയത് ഗുണമാകുമെന്നു കരുതുന്ന ബി ജെ പി 40,000 വോട്ടുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിഎംകെ സ്ഥാനാർഥിയെ നിർത്തിയത് മറ്റ് രണ്ട് മുന്നണികളുടെയും വോട്ട് കുറയ്ക്കും എന്ന് ബി ജെ പി കണക്കുകൂട്ടുമ്പോൾ, ഡിഎംകെ സ്ഥാനാർഥിയായി മുൻ കോൺഗ്രസ് നേതാവ് സുധീർ മത്സരിക്കുന്നത് യു എഫിന്റെ വോട്ടുകൾ കുറയ്ക്കുമെന്ന് ഇടതുപക്ഷം കരുതുന്നു. എന്നാൽ അത് തങ്ങൾക്കേ ഗുണമാകൂ എന്നാണ് കോൺഗ്രസ് പറയുന്നത്.

ബിജെപി 30,000 കടക്കില്ലെന്ന് യുഡിഎഫും എൽഡിഎഫും ഒരു പോലെ പറയുന്നു. അൻവറിന്റെ ഗിമ്മിക്കുകൾ ഏശിയില്ലെന്നും ഡിഎംകെ സ്വതന്ത്രൻ എൻ.കെ. സുധീർ 3,000 വോട്ടിൽ ഒതുങ്ങുമെന്നും ഇരു മുന്നണികളും അവകാശപ്പെടുന്നു.

വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് നാലുലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്ന് കോൺഗ്രസ്‌ നേതൃത്വം പറയുന്നു. പോളിംഗിലെ കുറവ് ഇടതു സ്ഥാനാർത്ഥിയെ ബാധിക്കില്ലെന്ന് ആവർത്തിക്കുകയാണ് എൽഡിഎഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ വോട്ട് കൂടുമെന്നാണ് വയനാട്ടിൽ ബിജെപിയുടെ കണക്ക്. സത്യൻ മൊകേരിക്ക് കിട്ടുന്ന പരമാവധി വോട്ട് രണ്ടേകാൽ ലക്ഷമായിരിക്കും. നവ്യ ഹരിദാസിന് ഒരു ലക്ഷവും. പ്രിയങ്കയ്ക്ക് ആറുലക്ഷത്തി ഇരുപത്തി അയ്യായിരവും ലഭിച്ചാൽ ഭൂരിപക്ഷം കണക്കാക്കുമ്പോൾ നാല് ലക്ഷമാവും. എന്നാൽ എതിരാളികൾ നല്ല മത്സരം പോലും കാഴ്ചവെച്ചില്ലെന്നു പരിഹസിക്കുകയാണ് കോൺഗ്രസ്‌ നേതൃത്വം.

പ്രിയങ്കയുടെ ഭൂരിപക്ഷം കുറയുമെന്നു പറയുന്നുണ്ടെങ്കിലും ജയിക്കുമെന്ന് അവകാശവാദമില്ല എൽഡിഎഫ് ക്യാമ്പിൽ. രാഹുൽ ഗാന്ധി അടിച്ചേൽപ്പിച്ച ഉപതെരഞ്ഞെടുപ്പ് എന്ന നിലയിൽ യുഡിഎഫ് അനുഭാവികൾ പോലും വോട്ടുചെയ്യാൻ വിമുഖത കാട്ടി എന്നും രാഹുൽ ഒന്നും ചെയ്തില്ല എന്ന വികാരം താഴെതട്ടിൽ എൽഡിഎഫിനു അനുകൂലമായി പോൾ ചെയ്തു എന്നും അവർ കണക്കുകൂട്ടുന്നു. വഖഫ് ഭൂമി പ്രശ്നം ഉൾപ്പെടെ ഉയർന്നുവന്നത് ക്രിസ്ത്യൻ വോട്ടുകളെ കൂടുതൽ അടുപ്പിച്ചുവെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

 

Send your news and Advertisements

You may also like

error: Content is protected !!