അലമാരയിൽ ഭംഗിയായി അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങളിലൂടെ ലതിക വിരലുകളോടിച്ചു..
അഭിമാനത്തോടെ.. വർഷങ്ങളുടെ സമ്പാദ്യമാണീ പുസ്തകങ്ങൾ…
ഇതിൽ മിക്കവയും വായിച്ചവയൊക്കെത്തന്നെയാണ്. ഒരിക്കൽ വായിച്ച പുസ്തകങ്ങൾ വീണ്ടുമെടുത്തു വായിക്കാൻ തോന്നാറില്ല. ആ സമയംകൊണ്ട് പുതിയതൊരെണ്ണം വായിക്കാമല്ലോയെന്നു കരുതും..
തൻ്റെ വരവും കാത്തിരുന്ന് മനസ്സുമടുത്ത പുസ്തകങ്ങൾ.
പൊടിയും ഈർപ്പവും കൂടിച്ചേര്‍ന്ന മണം.. ഒരു പന്തികേടിന്റെ മണം..!
ഇടയ്ക്കുനിന്നൊരു പുസ്തകം വലിച്ചെടുത്തു.. ചങ്ങമ്പുഴക്കവിതകൾ ഒന്നാം ഭാഗം
തുറന്നു…. അകത്ത്, നടുവിലൂടെ, കൃത്യമായ വട്ടത്തിൽ തുരന്നു തുരന്ന് മറുവശം കൂട്ടിമുട്ടിച്ചിരിക്കുന്നു..!
നാലതിരുകൾക്കും ഒരു കോട്ടവും സംഭവിക്കാതെ കൃത്യതയോടെ നിർമ്മിച്ച തുരങ്കം..
കട്ടികൂടിയ പുറംചട്ടയിൽ ചിത്രവേലകൾ ചെയ്തുകൊണ്ട് ഒരു സംഘം ചിതലുകൾ…
ശില്പികൾ.. ചങ്ങമ്പുഴക്കവിതകളോടായിരുന്നിരിക്കും ചിതലുകൾക്ക് കൂടുതലിഷ്ടം…
തൊട്ടുരുമ്മിയിരുന്ന ഇംഗ്ലീഷ് പുസ്തകങ്ങളെ ഒന്നു സ്പർശിച്ചിട്ടു കൂടിയില്ല. ബഷീറിനേയും പൊറ്റക്കാടിനേയും, മാധവികുട്ടിയേയുമെല്ലാം അടുത്ത ഊഴത്തിനു വച്ചിരിക്കുകയാവും..
അടുത്ത സമയത്തൊന്നും അലമാര തുറന്നിട്ടേയില്ല.
ഈ മുറിയേ തുറന്നിട്ടില്ലെന്നു തോന്നുന്നു..
തൂങ്ങിയാടുന്നു മാറാലകൾ…!
ഓരോരോ കാലം…
വായനയുടെ ഭ്രാന്തമായ കാലം….അതുകഴിഞ്ഞു വിരക്തിയുടെ..
അമ്മയെ പ്രത്യേകം പറഞ്ഞേല്പിച്ചതാണ് വല്ലപ്പോഴും പുസ്തകങ്ങളേക്കൂടി ഒന്നു ശ്രദ്ധിക്കാൻ…
സ്റ്റീൽ അലമാരയാണെന്നു പറഞ്ഞിട്ടു കാര്യമില്ല..
ഒരു നൂലിന്റെ വിടവു മതി ചിതലുകൾക്ക് കയറിപ്പറ്റി സാമ്രാജ്യം സ്ഥാപിക്കാൻ..
“അതെങ്ങനെയാ.. വായിക്കുന്നവർക്കല്ലേ പുസ്തകങ്ങളോടു മമത തോന്നൂ… സ്നേഹം തോന്നൂ..” അമ്മ കേൾക്കാൻവേണ്ടി അല്പം ഉറക്കെയാണു പറഞ്ഞത്.
ചാനലുകൾ മാറ്റി മാറ്റി മുടങ്ങാതെ, മറക്കാതെ, മിക്ക സീരിയലുകളും കാണുന്ന അമ്മ…!
പുസ്തകങ്ങൾ ഓരോന്നായെടുത്തു തട്ടി.
ചിതൽ നോട്ടമിട്ടുവച്ച പുസ്തകങ്ങളിലെല്ലാം ഈർപ്പമുണ്ട്.
ഇന്നുതന്നെ കണ്ണിൽപ്പെട്ടതു ഭാഗ്യം..
“ഇതെന്തിനുവേണ്ടി, ആരു വായിക്കാൻ വേണ്ടിയാ ഇങ്ങനെ സൂക്ഷിച്ചു വച്ചിരിക്കുന്നേ..
അടുത്ത തലമുറയ്ക്കു വേണ്ടിയോ…”
അമ്മയുടെ കുത്തുന്ന ആക്ഷേപം.
പെണ്ണിന്റെ മുപ്പതു വയസ്സിന്, വിവാഹ മാർക്കറ്റിലുണ്ടായിട്ടുളള വിലയിടിവിനേക്കുറിച്ചോർത്തുളള വിഹ്വലതകൾ..
“നല്ല ആലോചനകൾ നല്ലപ്രായത്തിൽ എത്രയെണ്ണം വന്നതാ..? പഠിത്തം;
അതുകഴിഞ്ഞപ്പോൾ ജോലി.
ജോലികിട്ടിക്കഴിഞ്ഞിട്ടോ..?
അമ്മ ഒറ്റയ്ക്കാവുമെന്ന്..!”
വായനയുടെ ലഹരിക്ക് അടിമയായിരുന്ന കാലം,
കാശുകൊടുത്തു പുസ്തകങ്ങൾ വാങ്ങാൻ ആവതില്ലാത്ത കാലം,
അമ്പലത്തിനടുത്തുളള ഒറ്റമുറി വായനശാലയിലെ ആരൊക്കെയോ സംഭാവനചെയ്ത പഴയ പുസ്തകങ്ങൾ കൂട്ടുകാരായിരുന്ന കാലം….. വത്സലയുടെ ആഗ്നേയം, നെല്ല്, ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം.. തുടക്കകാലത്ത് വായിച്ചതാണ്…
അന്നതിനൊക്കെ ഒട്ടും ആസ്വാദനം തോന്നിയിരുന്നില്ല..
നാളുകൾ കഴിഞ്ഞുളള വീണ്ടും വായനയിലാണ് ഇഷ്ടപ്പെടാൻ കഴിഞ്ഞത്..
ഈ ശേഖരത്തിൽ അവയുൾപ്പടെയുളള പുസ്തകങ്ങളുണ്ട്.
മുകളിലത്തെ രണ്ടു റാക്കിലും ചിതലിന്റെ അതിക്രമം ഉണ്ടായ ലക്ഷണമില്ല..
മങ്ങിയ വെളളനിറമുളള ജീവനുളള മുത്തുകളെ തട്ടിക്കുടഞ്ഞ് ബക്കറ്റിലിട്ടു..
എല്ലാംകൂടി ഒരു ഉരിയയ്ക്കുണ്ട്..കണ്ടിട്ടു ദേഹം കിരുകിരുക്കുന്നു..
പുറത്ത് ഉച്ചവെയിൽ കടുപ്പിച്ചു നിൽക്കുന്നു. പുല്പായയിൽ പുസ്തകങ്ങൾ നിരത്തിവച്ചു.. വെയിലുകൊളളട്ടെ. മറിച്ചും തിരിച്ചുമിട്ട് ഈർപ്പമെല്ലാം മാറ്റിയിട്ടുവേണം തിരികെയെടുത്തു വയ്ക്കാൻ.
ഉണ്ണികൃഷ്ണൻ പുതൂരിന്റെ ‘അമൃതമഥനം‘ കയ്യിലെടുത്തു..
പബ്ളിക് ലൈബ്രറിയിൽ നിന്ന് ഈ പുസ്തകം വായിക്കാനെടുത്തു തിരികെയേൽപ്പിക്കുമ്പോൾ ലൈബ്രേറിയന്റെ ചുഴിഞ്ഞനോട്ടവും “മുഴുവൻ വായിച്ചോ.. എങ്ങനുണ്ട്..?” അടക്കിപ്പിടിച്ച ചോദ്യവും വഷളൻ ചിരിയും ഓർത്തുപോയി..
പുനത്തിൽ കുഞ്ഞബ്ദുളളയുടെ ‘സ്മാരകശിലകൾ‘
സ്കൂളിൾ, കഥയെഴുത്തിനു സമ്മാനം കിട്ടിയതാണ്..
ബാപ്പൂട്ടി മാഷിന്റെ കയ്യൊപ്പുളള പുസ്തകം.. പുറംചട്ടയിളകിയിട്ടും ബൈൻഡ് ചെയ്തു സൂക്ഷിച്ചത് ചിതലു കണ്ടിട്ടില്ല..! ചന്ദനത്തിരിയുടെ മണമുണ്ട് ഇന്നുമീ പുസ്തകത്തിന്…
സാഹിത്യ സമാജത്തിനു കത്തിച്ചതിന്റെ ബാക്കിവന്ന ഒരു തിരി പുസ്തകത്തിൽ വച്ചതാണ്…
ഓർമ്മയുടെ സുഗന്ധത്തിന് പതിനഞ്ചോളം വർഷപ്പഴക്കമുണ്ട്..
പൊറ്റക്കാടിന്റെ “പുളളിമാൻ” അന്നേ പ്ലാസ്റ്റിക്കിട്ടു പൊതിഞ്ഞതാണ്…
ആദ്യ പ്രേമലേഖനം ഇതിനുളളിൽനിന്നാണു കിട്ടിയത്..
വായിച്ചു തിരിച്ചുതന്നപ്പോൾ ഗോകുൽദാസ് വച്ചത്. അവന്റെ “ചന്ദ്രബിംബം നെഞ്ചിലേറ്റും
പുളളിമാനായിരുന്നല്ലോ താൻ..” ചിതലരിക്കാത്ത കുറേ ഓർമ്മകൾ…
മുറിയിലെ അടഞ്ഞുകിടന്ന ജനാലകൾ പതിയെ തുറന്നു…..മടിച്ചുമടിച്ച് അകന്നു മാറിയ പാളികളിലൂടെ കാറ്റും വെളിച്ചവും തിക്കിത്തിരക്കി വന്നു. പുളളിമാൻ കയ്യിലെടുത്ത് സിറ്റൗട്ടിലെ കസേരയിൽ ഇരിക്കുമ്പോൾ ഗോകുൽദാസിന്റെ നിഴൽ അരികിലേക്കു വന്നു..
“പുസ്തകത്തിന്റെ ഈർപ്പം വലിഞ്ഞിട്ടുണ്ടാവും.. നീയതൊന്നെടുത്തുവച്ചേ..” അമ്മ..
മുറ്റത്തെ മൂവാണ്ടൻ മാവിന്റെ നിഴലിനു നീളംവയ്ക്കാൻ തുടങ്ങിയതു കൊണ്ടാവും വെയിൽ മടങ്ങാൻ തീരുമാനിച്ചമട്ടാണ്..
“പുളളിമാൻ..” ഒന്നുകൂടി വായിക്കണം..
ഗോകുൽദാസിന്റെ ഓർമ്മകളിൽ കുറച്ചുനേരം കുതിരണം.
ഇപ്പോൾ എവിടെയായിരിക്കും.?
ചിതലുകൾ കാർന്നു തിന്ന ചങ്ങമ്പുഴയുടെ പ്രണയഹൃദയമെടുത്ത് ചവറ്റുകുട്ടയിലിട്ടു.
അമ്മ, പുസ്തകങ്ങൾ മുഴുവൻ മേശപ്പുറത്തു കൊണ്ടുവച്ചു കഴിഞ്ഞു..
അലമാര വൃത്തിയാക്കി അടുക്കിവയ്ക്കണം പഴയപോലെ…
താമസിച്ചാൽ അതും അമ്മ തന്നെ ചെയ്യും..
താനിനി ഇവിടത്തന്നെയുണ്ടല്ലോ.. അതാണ് അമ്മയുടെ സമാധാനവും സമാധാനക്കേടും..
അമ്മയുടെ പയ്യാരം വീണ്ടും..
“നിനക്ക് വയസ്സെത്രയായെന്നാവിചാരം..?
കൂട്ടുകാരുടെയൊക്കെ കല്യാണം കഴിഞ്ഞ് ഒന്നും രണ്ടും കുട്ടികളായി..
നിന്നെ പ്രേമിച്ചു നടന്നോനും പിള്ളേരായി.. നീയിപ്പഴും…”
ചന്ദ്രബിംബം നെഞ്ചിലേറ്റിയ പുളളിമാന് ആശ്രമവാടി വിട്ടുപോവാൻ മടിയായിരുന്നു.. തന്നെയോർത്തുളള അമ്മയുടെ വേവലാതിക്കൊരു പരിഹാരം വിവാഹം തന്നെയാണ്.. അലമാരയുടെ മുകളിലത്തെ തട്ടിലെ പുസ്തകങ്ങളുടെ ഇടയിലേക്ക് “പുളളിമാൻ” തിരുകിവച്ചു..
ഇനിയൊരു വായന ആവശ്യമില്ല..
രമണി അമ്മാൾ