മഹാഗൗരി വീട്ടില്‍ ചെന്നു കയറിയതും ചിറ്റ ഓടിവന്നു.
“കണ്ണമ്മാ, എന്താ പതിവില്ലാതെ നീ ഇന്റര്‍വ്യൂ ചെയ്തത്?”
“പഴയ പണിയല്ലേ, മറന്നോ എന്നൊന്ന് നോക്കിയതാ.”
“അയാള്‍ക്ക് എന്തെങ്കിലും അപകടം പറ്റിയിരുന്നെങ്കില്‍ അറിയാമായിരുന്നു വിവരം. എന്തായാലും ഗിരിധറിന്റെ പേര്‍ക്ക് ഞാനൊരു നെയ്‌വിളക്ക് നേര്‍ന്നു. ഇത്രനേരവും ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരിന്നു.”
“അയാള്‍ക്കുവേണ്ടി ചിറ്റ എന്തിനാ പ്രാര്‍ത്ഥിക്കുന്നത്? ജനം മുഴുവനും കണ്ടതല്ലേ നടന്നതെല്ലാം.”
“അതൊക്കെ ശരിതന്നെ കണ്ണമ്മാ. എന്തോ എനിക്ക് പ്രാര്‍ത്ഥിക്കാന്‍ തോന്നി. എന്റെ കുട്ടിയല്ലേ ഇന്റര്‍വ്യൂ നടത്തിയത്. അതായിരുന്നു പേടി. പിന്നെ, കണ്ണേ, കാപ്പി കുടിക്കുന്നോ, അതോ അത്താഴം കഴിക്കുന്നോ?”
“ഒരു കാപ്പി മതി.. കഞ്ഞി പിന്നെ കുടിക്കാം.”
മഹാഗൗരി മുറിയിലേക്കു പോയി.
സാരി മാറ്റി, വയലറ്റ് ബോര്‍ഡറുള്ള വെള്ള പട്ടുപാവാടയും വയലറ്റ് ബ്ലൗസുമിട്ടു. പ്രായം മുപ്പത്തിയഞ്ചു കഴിഞ്ഞെങ്കിലും സന്തോഷത്തിന്റെ ദിവസങ്ങളില്‍ അവള്‍ പട്ടുപാവാട ധരിക്കും. പിന്നെ ഇടതുകാലില്‍ ഒരു കൊലുസ്സും.
കൊലുസ്സുകളില്‍ ഒരെണ്ണം കുറേ വര്‍ഷങ്ങള്‍ക്കുമുമ്പേ കളഞ്ഞു പോയതാണ്. ഒറ്റക്കാലിലാണെങ്കിലും ആ കൊലുസ്സിടുമ്പോള്‍ നന്ദയെ ഓര്‍മ്മിക്കും. മറന്നിട്ടില്ല, മറന്നിട്ടു വേണ്ടേ ഓര്‍മ്മിച്ചെടുക്കാന്‍? അവൾ തന്നെ ഇറുകെ ചുറ്റിപ്പിടിച്ചിരിക്കുന്നതുപോലെ… !
പത്താം ക്ലാസില്‍ നല്ല മാര്‍ക്കുവാങ്ങി ജയിച്ചപ്പോള്‍ അവളുടെ കാലില്‍ കിടന്ന ഒരുപാടു മണികളുള്ള കൊലുസ്സൂരി, തന്റെ കാലില്‍ ഇട്ടുതന്നതാണ് നന്ദ. തന്റെ കൈയ്ക്കുള്ളിലിരുന്ന് എപ്പോഴോ ഉരുകിത്തീര്‍ന്ന്, കൈവെള്ള പൊള്ളിച്ച മെഴുകുതിരി. വെളിച്ചം എപ്പോഴേ അണഞ്ഞുകഴിഞ്ഞു. ഇരുട്ടില്‍ അതിന്റെ ശേഷിപ്പ് നെഞ്ചോടു ചേര്‍ത്തുവെച്ചു, വിട്ടുകൊടുക്കാനാവാതെ…
താഴേക്ക് ഇറങ്ങിവന്നപ്പോള്‍ ചിറ്റ ചോദിച്ചു:
“എന്താ ഇന്ന് സന്തോഷമോ അതോ സങ്കടമോ?”
“സമ്മിശ്രം.”
“നിനക്കാ ഗിരിധറിനോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?”
“ചിറ്റയ്ക്ക് അങ്ങനെ തോന്നിയോ?”
“ഉം…”
“അതു വെറും തോന്നലാണു കേട്ടോ.”
അവള്‍ ചിറ്റയുടെ നെറ്റിയില്‍ ഒരുമ്മ കൊടുത്തിട്ടുപറഞ്ഞു.
“ചിറ്റയുടെ കാപ്പി എനിക്ക് എനര്‍ജി തന്നു, കുറച്ചു പണികൂടിയുണ്ട്, തീര്‍ത്തിട്ടു വരാം.”
മഹാഗൗരി മുകളിലേക്കു പോയി.
അച്ഛനും അമ്മയും മരിച്ചതിനു പിറകേ, കുട്ടികളില്ലാത്ത ചിറ്റയുടെ ഭര്‍ത്താവും പോയി. നാട്ടിലേക്കു താമസം മാറിയപ്പോള്‍മുതല്‍ ചിറ്റയാണ് കൂട്ട്. രണ്ടുപേര്‍ക്കും അതു നല്ലതായി.
“ദേ, ആ കമ്പ്യൂട്ടറില്‍ കുത്തിക്കൊണ്ട് അവിടെത്തന്നെ ഇരുന്നുകളയരുത്. കഞ്ഞി തണുത്തുപോവും. ചുട്ടരച്ചചമ്മന്തിയുണ്ട്.”
“ചിറ്റ കഴിച്ചിട്ടുകിടന്നോ. ഞാന്‍ എടുത്തു കഴിച്ചോളാം.”
മുറിയില്‍ ചെന്നതും സെക്രട്ടറി ബ്രിന്ദയുടെ മെസ്സേജ് വന്നു.
ഗിരിധറിനെ മുറിയിലേക്കു കൊണ്ടുവന്നു. അയാള്‍ക്ക് ക്ഷീണമുണ്ട്. അപകടനില തരണം ചെയ്തു.
തുടരും …
പുഷ്പമ്മ ചാണ്ടി