തിരികെ വീട്ടിലേക്കു വണ്ടിയോടിക്കുമ്പോള്‍ ഗിരിധര്‍ ആകെ തകര്‍ന്നിരുന്നു. മഹാഗൗരി എന്ന പെണ്ണ്.
അവള്‍ തന്റെ ആണധികാരത്തിന്റെ അഹന്ത ഉടച്ചുകളഞ്ഞു.
എല്ലാവര്‍ക്കും ഒരു ധാരണയുണ്ട്. സ്ത്രീ തന്റെ ഉടലുപയോഗിച്ചു പകരം വീട്ടുമെന്ന്. അല്ലാതെയും പ്രതികാരം നടത്താം.
ബുദ്ധി, പിന്നെ കഠിനമായ ജീവിതയാത്രയിലെ അഗ്‌നിക്കൂട് ഉള്ളിലേക്ക് ആവാഹിച്ച് അതിനെ പിന്നെയും ഊതിക്കാച്ചി, അനുരഞ്ജനവും ചേര്‍ത്ത്, കൂടെ വിശുദ്ധിയും ഉരുക്കിയൊഴിച്ച് പടവെട്ടി, ഓരോ യാമവും ഈ സന്ധിയില്ലാ സമരഭൂമിയില്‍ നിവര്‍ന്നുനിന്നു, കുറച്ചൊന്നുമല്ല, ഇരുപത്തിമൂന്നു വര്‍ഷം.
വീട്ടില്‍ എത്തിയതും അയാള്‍ പരമേശ്വരിയെ വിളിച്ചു, ഈ കഥകള്‍ അവള്‍ക്കറിയാമോ എന്നു ചോദിച്ചു.
“ഒരിക്കലും പറഞ്ഞിട്ടില്ല റിയലി ഷോക്കിങ്.”
“നീ എന്നെ കുറ്റപ്പെടുത്തരുത്.”
“ഇനി കുറ്റപ്പെടുത്തിയിട്ട് എന്ത് പ്രയോജനം?”
“പരമേശ്വരി എനിക്ക് ഒരു ഹെല്പ് ചെയ്യുമോ, പ്‌ളീസ്. കുറച്ചു ദിവസത്തേക്ക് ഇങ്ങോട്ടൊന്നു വരുമോ, തനിച്ച് ഈ വീട്ടില്‍ ഇരിക്കാന്‍ എനിക്കാവുന്നില്ല.”
“ഉടനെ വരാന്‍ പറ്റുമോ എന്നറിയില്ല. കുറച്ചു അര്‍ജന്റ് ജോലികളുണ്ട്. വെള്ളിയാഴ്ച ഈവനിംഗ് ഫ്‌ളൈറ്റിനു ഞാന്‍ വരാം. ഒരാഴ്ച അവിടെ നില്‍ക്കാം.”
പരമേശ്വരി വരുന്നത് ഒരാശ്വാസമാകും. തനിയെ ഇവിടെയിരുന്നാല്‍ ഭ്രാന്താകും. ജീവിതം എല്ലാവര്‍ക്കും പോരാട്ടമാണ്. സമാനതകളില്ലാത്ത സമരയാത്രകളാല്‍ നിബിഡം. ജയപരാജയങ്ങള്‍ തന്റെ പ്രവൃത്തികൊണ്ടുമാത്രം.
പിന്നെ തന്റെ ധിക്കാരങ്ങള്‍, മറ്റുള്ളവര്‍ക്കു കൊടുത്ത അധിക്ഷേപങ്ങള്‍… അതിജീവനം ഇനി നടക്കുമോ? ചിട്ടപ്പെടുത്താന്‍ പറ്റാത്ത ദിനരാത്രങ്ങള്‍…
പതറി നില്ക്കരുത് ഈ രണാങ്കണത്തില്‍. എങ്കിലും സ്വച്ഛത കൈവരിക്കാന്‍ പറ്റുമോ, ചെയ്തുകൂട്ടിയ പാപകര്‍മ്മങ്ങള്‍ക്കു കണക്കെടുത്താല്‍?
ഇപ്പോഴും സ്വാര്‍ത്ഥതയുടെ രസതന്ത്രം തന്നെ വിട്ടുപോയിട്ടില്ല. അതാണല്ലോ ഒരിക്കല്‍ തള്ളിപ്പറഞ്ഞവളെ, പിന്നെയും കൂട്ടിനു വിളിച്ചത്. സ്‌നേഹത്തിന്‍ ഋതുക്കളില്‍ കലാപത്തിന്റെ അഭിനിവേശം. നോവിച്ചു കടന്നുപോയ രണ്ടുപേര്‍.
പരമേശ്വരി വെള്ളിയാഴ്ച വന്നു. ഗിരിധര്‍ അവരെ എയര്‍പോട്ടില്‍ നിന്നു കൂട്ടികൊണ്ടു വന്നു. അവള്‍ക്ക് ഇഷ്ടമുണ്ടെന്നയാള്‍ കരുതിയതൊക്കെ ഉണ്ടാക്കി വെക്കാന്‍ അടുക്കളയില്‍ ചട്ടംകെട്ടി.
വീട്ടിലേക്കുള്ള യാത്രയില്‍ അവളെ ശ്രദ്ധിക്കുകയായിരുന്നു. ഒട്ടും മാറിയിട്ടില്ല അവള്‍. തന്റെ അഹന്ത ഒന്നുകൊണ്ടുമാത്രം നഷ്ടമായവള്‍.
“എന്താ ഗിരി ആലോചിക്കുന്നത്?”
“നമ്മള്‍ ആദ്യം കണ്ടുമുട്ടിയത്, ആ ഡിബേറ്റില്‍ നീ എന്നെ തോല്പിച്ചത്.”
“അതൊക്കെ ഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ടോ, ഞാന്‍ അതൊക്കെ മറന്നു. ഗിരി എനിക്ക് തന്ന സ്‌നേഹനിമിഷങ്ങള്‍മാത്രമേ ഞാന്‍ എന്റെ മനസ്സില്‍ സൂക്ഷിക്കുന്നുള്ളൂ, അല്ലെങ്കില്‍ നിങ്ങളെ, പിന്നെയും എനിക്ക് നേരിടാന്‍ സാധിക്കില്ല. ഐ ഡോണ്ട് കാരി ഗ്രഡ്ജ്‌സ്.”
“എനിക്കറിയാം. അതുകൊണ്ടാണല്ലോ ഞാന്‍ വിളിച്ചപ്പോള്‍ വന്നത്.”
“ഗിരിയുടെ അനീതികള്‍ക്ക് എതിരേ നീരസപ്പെടാറുണ്ട്. പക്ഷേ, ഇപ്പോഴും നിങ്ങളില്‍ നന്മ ഉണ്ടെന്നും അത് തിരികെ കൊണ്ടുവരണം എന്നും ആഗ്രഹമുണ്ട്.”
ഒരാഴ്ച പെട്ടെന്ന് കടന്നുപോയി. അത്രയും ദിവസങ്ങള്‍കൊണ്ട് ഗിരിധര്‍ തന്റെ പഴയ പ്രസരിപ്പ് ഏറെക്കുറെ വീണ്ടെടുത്തു.
ഇടക്കെപ്പോഴോക്കെയോ വിഷാദത്തിന്റെ കാറ്റ് വീശുമ്പോള്‍ അതിനെ തന്റെ ചിരികൊണ്ടവള്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചു.
ജീവിതമെന്ന മഹായാത്രയിലെ ആടിത്തീര്‍ക്കുവാനുള്ള രംഗങ്ങളെക്കുറിച്ചയാളെ അവള്‍ ബോധവാനാക്കി. പരമേശ്വരിക്ക് തിരികെപ്പോകാന്‍ സമയമായി.
ഗിരി അവളുടെ സാന്നിധ്യം പിന്നെയും മോഹിച്ചു. ചോദിക്കാതിരിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. ഒരു പുനര്‍വിചിന്തനം അവള്‍ ചെയ്യുമോ എന്ന്. ഉറപ്പില്ല.
പല പ്രാവശ്യം അവളിലേക്ക് എത്തിച്ചേരാന്‍ ശ്രമിച്ചിട്ടും ആ ഏഴു ദിവസങ്ങളും അവള്‍ അകലം പ്രാപിച്ചു നിന്നു.
രാത്രിയില്‍ ശുഭരാത്രിയിലെ ഒരു ആശ്ലേഷംമാത്രം.
“പരമേശ്വരീ, എന്നിലേക്ക് തിരികെവരുമോ? ഈ ഏഴു ദിവസങ്ങള്‍ നീ കൂടെ ഉണ്ടായിരുന്നത് എത്ര ആശ്വാസം ആയിരുന്നു എന്നറിയുമോ?”
“എനിക്കറിയാം ഗിരീ, ഞാന്‍ അത് മനസ്സിലാക്കി. പക്ഷേ, ഇനി എനിക്ക് എന്റെ ഭര്‍ത്താവിന്റെ സ്ഥാനത്തു നിങ്ങളെ കാണാന്‍ സാധിക്കില്ല. ഞാന്‍ ജീവിച്ചിരിക്കുന്ന കാലംവരെയും നിങ്ങള്‍ എന്റെ ഉറ്റസുഹൃത്ത് ആയിരിക്കും.”
“ഇപ്പോള്‍ പറയേണ്ട. സമയം എടുത്തു പതുക്കെ പറഞ്ഞാല്‍ മതി.”
“ഇല്ല ഗിരീ, ഞാന്‍ എപ്പോഴും നിങ്ങളുടെ അഭ്യുദയകാംക്ഷി ആയിരിക്കും. നല്ല ഒരു കൂട്ടുകാരി. അതുമതി.”
ഗിരിധര്‍ അതിനുത്തരം പറഞ്ഞില്ല.
തിരികെ, പരമേശ്വരിയെ എയര്‍പോര്‍ട്ടില്‍ വിടാന്‍ പോകാന്‍ മനസ്സ് അനുവദിച്ചില്ല, അവള്‍ നടന്നുനീങ്ങുന്നത് കാണാന്‍ ശക്തിയില്ല അതാണ്.
അവഗണനയും പരിഗണനയും… രണ്ടും.
അതാണ് ഇന്നു കിട്ടിയത്. പെണ്ണെന്ന പ്രതിഭാസം തന്റെ അഹന്തയുടെ മുഖമുദ്രകളിലേക്ക് ആഞ്ഞുള്ള ഒരു പ്രഹരം നല്‍കി. അവരെ മനസ്സിലാക്കാന്‍ ഇനിയും ഒരുപാട് കടമ്പകള്‍ താണ്ടണം.
ഏതോ സംഗീതരാവിന്റെ ആരവങ്ങള്‍ക്കിടയിലൂടെ, ശ്രുതിയും ഈണവും സ്വരവും നഷ്ടമായ ഗായകനെപ്പോലെ ഗിരിധര്‍ പുറത്തേക്കു നോക്കിനിന്നു.