ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കൂടുതലായ കേരളത്തിൽ ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 59 വയസുകാരൻ്റെ മരണം കൊവിഡ് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ 2025-ലെ കേരളത്തിലെ കൊവിഡ് മരണസംഖ്യ 6 ആയി. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേർ രോഗമുക്തരായി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 467 പേർക്കും ഡൽഹിയിൽ 375 പേർക്കും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 265, കർണാടകയിൽ 234 എന്നിങ്ങനെയാണ് കോവിഡ് വ്യാപന കണക്ക്. കഴിഞ്ഞ ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 22 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏഴ് പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. കേരളത്തിൽ അഞ്ച് പേരും ഡൽഹിയിൽ രണ്ട് പേരും ഇക്കാലയളവിൽ കോവിഡ് ബാധിച്ച് മരിച്ചു.
കോവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വർധനവ് മൂലം നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ കോവിഡ് പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതർ പറഞ്ഞു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു.
ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാൽ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളിൽ മാസ്ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയിൽ തന്നെ പ്രോട്ടോകോൾ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികൾ കോവിഡ് ആണെന്ന് കാണുമ്പോൾ റഫർ ചെയ്യുന്നത് ശരിയല്ലയെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.