ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. സംസ്ഥാനത്ത് വരുന്ന 5 ദിവസം ശക്തമായ മഴ തുടരും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ അത്ര ശക്തമായ മഴയ്ക്ക് ഇനി സാധ്യതയില്ല. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങൾ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ഇന്നു കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട് എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലവർഷം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ 7-നു 41 ശതമാനമായി. കാലവർഷം ആരംഭിച്ച 24-ന് അണക്കെട്ടിലെ ജലനിരപ്പ് 29 ശതമാനമായിരുന്നു. 1990-നു ശേഷം ആദ്യമായി മേയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2344 അടിയിലെത്തി. 1990 മേയ് 31-ന് ജലനിരപ്പ് 2344 അടിയായിരുന്നു. വേനൽമഴ ശക്തമായതും കാലവർഷം നേരത്തേ എത്തിയതും ജലനിരപ്പ് ഉയരാൻ കാരണമായി. അണക്കെട്ടിൽ ഇപ്പോൾ കഴിഞ്ഞ വർഷത്തെക്കാൾ 12 അടി വെള്ളം കൂടുതലുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിലാണ്.
സംസ്ഥാനത്ത് 4 ഡാമുകളിൽ ജലനിരപ്പ് അപകടനിലയിൽ എത്തിയതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഷട്ടറുകൾ ഉയർത്തി. ഇടുക്കിയിലെ ലോവർ പെരിയാർ, കല്ലാർകുട്ടി, പൊന്മുടി, പത്തനംതിട്ടയിലെ മൂഴിയാർ ഡാമുകളിലാണ് റെഡ് അലർട്ട്. കോഴിക്കോട് കുറ്റ്യാടി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ മുൻകരുതലിന്റെ ഭാഗമായി വെള്ളം തുറന്നുവിടുന്നുണ്ട്.
സംസ്ഥാനത്ത് ഈ വർഷം മാർച്ച് മുതൽ മേയ് വരെ മാസങ്ങളിൽ ലഭിച്ചത് ഇക്കാലയളവിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും കൂടിയ മഴ. മാർച്ച് 1 മുതൽ ഇന്നലെ വരെ 776.4 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. 359 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണ് 116% കൂടുതൽ മഴ ലഭിച്ചത്. കാലവർഷം ആരംഭിച്ച മേയ് 24 മുതൽ 31 വരെ 440.5 മില്ലിമീറ്റർ മഴ ലഭിച്ചു.
സംസ്ഥാനത്ത് 177 ദുരിതാശ്വാസ ക്യാംപുകളിലായി 2087 കുടുംബങ്ങളിലെ 6945 പേരെ മാറ്റിപ്പാർപ്പിച്ചു. കോട്ടയം ജില്ലയിലാണ് കൂടുതൽ ക്യാംപുകൾ–58. വയനാട് ജില്ലയില്‍ ആരംഭിച്ച 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 194 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 57 കുടുംബങ്ങളിൽ നിന്നായി 194 പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്.
മഴക്കെടുതിയിൽ ഇന്നലെ സംസ്ഥാനത്ത് 5 പേർ മരിച്ചു. നിരണം സെൻട്രൽ കോട്ടയ്ക്കച്ചിറയിൽ വീട്ടിൽ രാജേഷ് (അബു–45) ആണ് മരിച്ചത്. തിരുവല്ലയിലെ നിരണത്ത് പാടശേഖരത്തിൽ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽനിന്ന് കാൽവഴുതി മലയിടുക്കിലേക്ക് വീണ യുവാവ് മരിച്ചു. മുതലമട സ്വദേശി സജീഷ് (27) ആണ് മരിച്ചത്. മീൻപിടിക്കാൻ പോയ യുവാവ് വടകര കോട്ടപ്പള്ളി കനാലിൽ മുങ്ങിമരിച്ചു. തൊടന്നൂർ തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദ് (27) ആണ് മരിച്ചത്.