കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ ഇന്നു സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് കലക്‌ടർമാർ അറിയിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്റർ എന്നിവയ്ക്കും അവധി ബാധകമാണ്. വയനാട്ടിലും ഇടുക്കിയിലും പ്രഫഷനൽ കോളജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാലാ പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകമല്ല.
ഒഡീഷ തീരത്തോടു ചേർന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടുകയും പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ ശക്തി പ്രാപിക്കാൻ സാധ്യതയേറുകയും ചെയ്തതോടെ കേരളത്തിലെ അതിതീവ്ര മഴ 3 ദിവസം കൂടി തുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് ബുധനാഴ്ച രാത്രി 8.30 വരെ 3.5 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. 2 ഡാമുകളിലും 24 മണിക്കൂറിനിടെ 3 അടിയോളം വെള്ളം ഉയർന്നു. മലങ്കര ഡാമിൻറെ ഷട്ടറുകൾ ഉയർത്തിയതിനാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. പത്തനംതിട്ട ജില്ലയിലെ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതോടെ അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസർകോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നതിനാൽ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ് എന്ന് അധികൃതർ നിർദ്ദേശിച്ചു.
കോട്ടയം ജില്ലയിൽ 8 ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങി. വൈക്കം താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങളിലെ നാനൂറോളം വീടുകളിൽ വെള്ളം കയറി. ജില്ലയിൽ ഖനനം നിരോധിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രി യാത്രയ്ക്കും നിരോധനമുണ്ട്.
തിരുവനന്തപുരത്ത് പലയിടത്തും വീടുകൾക്കു മുകളിൽ മരം വീണു. നെടുമങ്ങാട്ട് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്കു മുകളിൽ വൈദ്യുതി പോസ്റ്റ‌് വീണ് യാത്രികയ്ക്ക് പരുക്കേറ്റു.
ആലപ്പുഴ ജില്ലയിൽ മഴയിലും കാറ്റിലും 216 വീടുകൾക്കു കൂടി നാശനഷ്ടം ഉണ്ടായി. പലയിടത്തും കടലാക്രമണ ഭീഷണിയുണ്ട്.
ഇടുക്കി ജില്ലയിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നതിനാൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ് റോഡിലൂടെയുള്ള രാത്രി ഗതാഗതം 30 വരെ നിരോധിച്ചു. ദേശീയപാതയിൽ കരടിപ്പാറയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ മൂന്നാറിലേക്കു യാത്ര ചെയ്യുന്നവർ ഇരുട്ടുകാനത്ത് നിന്ന് ആനച്ചാൽ, രണ്ടാം മൈൽ വഴി പോകണം. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ ഇലപ്പള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നു. റോഡിലേക്ക് വരെ വെള്ളം തെറിച്ചെത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തൃശ്ശൂരിൽ മഴ കനത്തതോടെ നിറഞ്ഞൊഴുകി അതിരപ്പിള്ളി വെള്ളച്ചാട്ടം. പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ആരംഭിച്ച നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചത് 44 കുടുംബങ്ങളെ. 56 പുരുഷന്മാരും 52 സ്ത്രീകളും 43 കുട്ടികളും അടക്കം 151 പേരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്.
വടകര വില്ല്യാപ്പള്ളി അരയാക്കൂൽത്താഴയിലെ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രം കൂറ്റൻ കോളിമരം വീണ് തകർന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രധാനക്ഷേത്രത്തിന് മുകളിലാണ് മരം പതിച്ചത്. ഇത് ഏതാണ്ട് പൂർണമായും തകർന്നു. ക്ഷേത്രത്തിന് സമീപം കാവ് സംരക്ഷണത്തിന്റെ ഭാഗമായി പഞ്ചയത്ത് നിർമിച്ച മതിലും മരം വീണ് തകർന്നു.
കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുൻപിൽ മരം പൊട്ടി വീണ് ഗതാഗത തടസ്സം നേരിട്ടു.