Thursday, July 31, 2025
Mantis Partners Sydney
Home » “കേരളം ചെറുപ്പക്കാർക്ക് പ്രത്യാശ കൊടുക്കാൻ കഴിയുന്ന നാട് അല്ലാതെ ആയി” ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ
“കേരളം ചെറുപ്പക്കാർക്ക് പ്രത്യാശ കൊടുക്കാൻ കഴിയുന്ന നാട് അല്ലാതെ ആയി” ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ

“കേരളം ചെറുപ്പക്കാർക്ക് പ്രത്യാശ കൊടുക്കാൻ കഴിയുന്ന നാട് അല്ലാതെ ആയി” ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ

by Editor

ചങ്ങനാശേരി: തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ കണ്ട് മയങ്ങിപ്പോകുന്ന മണ്ടന്മാരല്ല കേരളത്തിലെ നസ്രാണികൾ എന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. നമ്മുടെ ചെറുപ്പക്കാർക്കു പ്രത്യാശ കൊടുക്കാൻ പറ്റുന്ന നാടാണു കേരളമെന്നു പറയാൻ പറ്റുമോയെന്നു അദ്ദേഹം ചോദിച്ചു. മിടുക്കരായ മലയാളികൾ മറുദേശങ്ങളിൽ പോയി പരദേശിയായി പാർക്കുകയാണ്. അൽപം സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി വിദേശിയുടെ മുൻപിൽ കൈനീട്ടി നിൽക്കുന്നു. മാന്യമായ തൊഴിൽ അവസരമുണ്ടെങ്കിൽ, അന്തസ്സായി കൃഷി ചെയ്തു ജീവിക്കാൻ വക ലഭിക്കുമെങ്കിൽ അവരാരെങ്കിലും സ്വന്തം വീടുവിട്ട് പോകുമെന്ന് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ചങ്ങനാശ്ശേരി അതിരൂപതയുടെ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷക രക്ഷ നസ്രാണി മുന്നേറ്റത്തിന്റെ ഭാഗമായുള്ള അവകാശ പ്രഖ്യാപന മഹാസമ്മേളനം ചങ്ങനാശ്ശേരി എസ്ബി കോളജ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. ‘അവഗണിക്കപ്പെടുന്ന കർഷകർക്കും സമുദായങ്ങൾക്കും വേണ്ടിയാണു നാം ഒരുമിച്ചു കൂടുന്നത്. മലയോര കർഷകന്റെ ജീവിതം കേരളത്തിനു വലിയ സംഭാവന നൽകിയിട്ടുണ്ട്. 1940-കളിൽ കേരളം വലിയ ഭക്ഷ്യക്ഷാമം നേരിട്ടപ്പോൾ ജനങ്ങളുടെ വിശപ്പകറ്റിയതു മലയോര കർഷകരാണ്. പിടിയരി പിരിച്ചും അധ്വാനിച്ചും പള്ളിയോടു ചേർന്നു പള്ളിക്കൂടം സ്ഥാപിച്ച് എല്ലാ സമുദായക്കാർക്കും വിദ്യാഭ്യാസം നൽകിയതും നമ്മളാണ്. എന്നാൽ, കാലം കഴിയുന്തോറും നമ്മുടെ സംഭാവനകൾ വിസ്മരിക്കപ്പെടുന്നു. ‌ മലയോര കർഷകരെ അവിടെനിന്ന് ആട്ടിപ്പായിക്കാൻ ശ്രമം നടക്കുന്നു.

പ്രവാസികളായ മലയാളികളുടെ മനസ്സു മുഴുവൻ കേരളത്തിലാണ്. അവർ രാവിലെയും വൈകീട്ടും കാണുന്നതു മലയാളം വാർത്തകളാണ്. സ്വന്തം നാട്ടിൽ ജീവിക്കാനാഗ്രഹിക്കുന്ന ജനം എന്തുകൊണ്ടാണ് അന്യനാടുകളിൽ പോകുന്നത്? മാന്യമായി ജീവിക്കാൻ ഇവിടെ സൗകര്യമില്ലാത്തതു കൊണ്ടാണു പോകുന്നത്. ഈ സാഹചര്യത്തിലാണു മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിശോധിക്കേണ്ടത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഒട്ടേറെപ്പേർ മരിക്കുമ്പോൾ, നിഷ്ക്രിയമായും നിർവികാരമായും നോക്കിനിൽക്കുകയാണു ഭരണകൂടം. കഴിഞ്ഞ ഒരാഴ്ചയിൽ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ 4 പേർക്കു ജീവൻ നഷ്ടപ്പെട്ടു. ഒരു മാസത്തിനിടെ 11 പേർ കൊല്ലപ്പെട്ടു. ജനത്തിന്റെ ജീവനു വിലയില്ലാതെ ഭരണകൂടങ്ങൾ പെരുമാറുമ്പോൾ നമുക്കെങ്ങനെ നിരത്തിൽ ഇറങ്ങാതിരിക്കാനാകും?

കുട്ടനാട് പോലെ ജൈവവൈവിധ്യമുള്ള മനോഹര പ്രദേശത്തെ പൊതിയാതേങ്ങ പോലെ വച്ചിരിക്കുന്ന സാമൂഹ്യ സാഹചര്യമുണ്ട്. അതിന്റെ സാധ്യതകളൊന്നും പ്രയോജനപ്പെടുത്തുന്നില്ല. കുട്ടനാടിനെ ജീവിക്കാൻ യോഗ്യമല്ലാത്ത പ്രദേശമാക്കിയതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് അധികൃതർക്കു മാറിനിൽക്കാനാകുമോ? ജെ.ബി.കോശി കമ്മിഷൻ നൽകിയ റിപ്പോർട്ടിൽ ഇതുവരെ നടപടിയുണ്ടായില്ല. തിരഞ്ഞെടുപ്പുകളിലെ വാഗ്ദാനങ്ങൾ കണ്ടു മയങ്ങിപ്പോകുന്നവരല്ല കേരളത്തിലെ നസ്രാണികൾ. വിദ്യാഭ്യാസമുള്ള, ആർജവമുള്ള സമുദായമാണ്. വോട്ടുബാങ്ക് അല്ലെന്നു കരുതി അവഗണിക്കുന്നുണ്ടെങ്കിൽ ഓർക്കുക, നമ്മൾ ജനസംഖ്യയിൽ 17 ശതമാനമുണ്ട്. മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊള്ളുന്നവരാണു നമ്മൾ. ന്യായമായ ആവശ്യങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കുന്നതു ദൗർബല്യമല്ല. അതിജീവനത്തിനു വേണ്ടി നാം ക്ലേശിക്കുമ്പോൾ, അടിസ്ഥാന വിഷയങ്ങൾക്കും പൊതുവായ കാര്യങ്ങൾക്കും വേണ്ടി ക്രിസ്ത്യാനികൾ ഒരുമിച്ചു നിൽക്കും, മാർ തോമസ് തറയിൽ പറഞ്ഞു.

കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ രാവിലെ 9-ന് മങ്കൊമ്പിൽനിന്നു ചങ്ങനാശ്ശേരിയിലേക്കു പദയാത്രയും വൈകിട്ട് 3-ന് പെരുന്ന എസ് സ്ക്വയറിൽ‌നിന്നു ചങ്ങനാശ്ശേരി എസ്ബി കോളജിലേക്കു അവകാശ സംരക്ഷണ റാലിയും നടന്നു. സമ്മേളനത്തിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു.

Send your news and Advertisements

You may also like

error: Content is protected !!