ന്യൂ ഡൽഹി: സില്‍വര്‍ലൈന് ബദലായി ഇ ശ്രീധരൻ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഇ ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ബദൽ പാത സംബന്ധിച്ച് കേന്ദ്രത്തിന്‍റെ നിലപാട് അറിയിക്കാൻ കേരളം ആവശ്യപ്പെട്ടു. ഇ ശ്രീധരൻ ഡൽഹിയിൽ എത്തി കേന്ദ്രമന്ത്രിയെ കാണും, അതിന് ശേഷം കേന്ദ്രം കേരളത്തെ നിലപാട് അറിയിക്കും.
അങ്കമാലി ശബരി റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചതായും മന്ത്രി വി.അബ്ദുറഹിമാന്‍ ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു. മന്ത്രി അബ്ദുറഹിമാനും സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി. തോമസും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. കേന്ദ്ര വിദഗ്ദ സംഘം ഇതിനായി കേരളത്തിൽ എത്തും. ഇക്കാര്യമാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്നും അബ്ദു റഹിമാന്‍ പറഞ്ഞു. അതേസമയം സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നോ എന്നത് വ്യക്തമാക്കാന്‍ മന്ത്രി തയ്യാറായില്ല. എന്നാല്‍ സില്‍വര്‍ ലൈനിന് ബദലായുള്ള സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതി പരിഗണനയിലുണ്ടെന്ന് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.