Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » കെനിയയിലെ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കേരളത്തിൽ എത്തിക്കും.
കെനിയ ബസപകടം

കെനിയയിലെ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കേരളത്തിൽ എത്തിക്കും.

by Editor

തിരുവനന്തപുരം: കെനിയയിലെ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് (ഞായറാഴ്‌ച) കേരളത്തിൽ എത്തിക്കും. ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ഞായറാഴ്‌ച രാവിലെ 8:45 ന് മൃതദേഹങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന നിലയിലാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക.

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങൾ നോർക്ക റൂട്ട്സ് അധികൃതർ ഏറ്റുവാങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലോടെയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ വേഗത്തിലായത്. മൃതദേഹങ്ങളെ അനുഗമിക്കുന്ന ബന്ധുക്കൾക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ ഫീവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന ആരോഗ്യപരമായ മുൻകരുതൽ നിബന്ധനയിൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ കേന്ദ്ര സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്.

കെനിയയിൽ നിന്നും ഖത്തറിലേക്ക് വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് യെല്ലോ ഫീവർ വാക്സിൻ സർട്ടിഫിക്കറ്റ് എന്ന ആവശ്യം ട്രാവൽ ഏജൻസികൾ ഉയർത്തുന്നത്. പിന്നാലെ കെനിയയിലെ ലോക കേരള സഭാംഗങ്ങൾ നോർക്ക റൂട്ട്സിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക റൂട്ട്സ്, സംസ്ഥാന ആരോഗ്യ വകുപ്പ് എന്നിവ ഇളവ് തേടി കേന്ദ്ര സർക്കാരിനെ സമീപിച്ചത്.

ജൂൺ ഒൻപതിന് ഇന്ത്യൻ സമയം വൈകുന്നേരം ഏഴോടെയാണ് വിനോദസഞ്ചാരികളുമായി കെനിയയിൽ എത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻ സംഘം അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് താഴ്ച‌യിലേയ്ക്ക് കീഴ്മേൽ മറിയുകയായിരുന്നു. ഖത്തറിൽ നിന്നുമാണ് സംഘം വിനോദസഞ്ചാരികളായി കെനിയയിൽ എത്തിയത്. നെയ്റോബിയിൽ നിന്നും 150 കിലോമീറ്റർ അകലെ ന്യാഹുരുരുവിലാണ് അപകടം നടന്നത്.

Send your news and Advertisements

You may also like

error: Content is protected !!