കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് SDPI ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ കസ്റ്റഡിയിലായ ഫൈസിയെ ഡൽഹിയിലേക്ക് എത്തിച്ചു. ഇന്നലെ രാത്രി എം കെ ഫൈസിയെ ബംഗളൂരുവിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തെന്നാണ് വിവരം. പുലർച്ചെയോടെ ഫൈസിയെ ഡൽഹിക്ക് എത്തിച്ചു. നിലവിൽ ഇഡി ഉദ്യോഗസ്ഥർ ഡൽഹി ഓഫീസിൽ ചോദ്യം ചെയ്യുകയാണ്.
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് എം കെ ഫൈസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2022 സെപ്റ്റംബര്‍ എട്ടിന് രാജ്യവ്യാപകമായി എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും രേഖകള്‍ ഓഫീസില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്നാണ് എസ്ഡിപിഐ ദേശീയ അധ്യക്ഷന്റെ അറസ്റ്റിലേക്ക് നീങ്ങിയത്. ഫൈസി നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്നും ഇ.ഡി വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച ശേഷം 56.56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. വിവിധ പിഎഫ്‌ഐ ട്രസ്റ്റുകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിലുള്ള 35 ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് സ്വരൂപിച്ച് ഭീകരപ്രവർത്തനങ്ങൾക്ക് പിഎഫ്ഐ നേതൃത്വം നൽകിയെന്ന് കാട്ടിയാണ് കേന്ദ്രം സംഘടനയെ നിരോധിച്ചത്.