കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്. നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. ഗാലറിയുടെ വശത്തുനിന്ന എംഎൽഎ താഴേക്കു വീഴുകയായിരുന്നു. താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേക്ക് എംഎൽഎ വീണുവെന്നാണ് മനസിലാക്കുന്നത്. ബാരിക്കേഡ് സ്ഥാപിച്ച പൈപ്പ് വീണു തലയ്ക്കു പരുക്കേറ്റു. എംഎൽഎയെ സ്വകാര്യ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഉമാ തോമസിന് ശ്വാസകോശത്തിനും തലയ്ക്കും നട്ടെല്ലിനും സാരമായി പരുക്കേറ്റതായി ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്ററിലേക്കു മാറ്റി. സ്കാനിങിൽ തലയ്ക്കു പരുക്കുണ്ടെന്ന് കണ്ടെത്തി.
ഉമാ തോമസ് 24 മണിക്കൂർ നിരീക്ഷണത്തിലാണ്. നട്ടെല്ലിന് ചെറിയ പരിക്കുണ്ട്. ഐസിയുവിൽ മുഴുവൻ സമയം ഡോക്ടർമാർ ഉണ്ട്. ഒന്ന്, രണ്ട്, മൂന്ന് വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. ഒന്നാം വാരിയെല്ല് പൊട്ടുക എന്ന് പറഞ്ഞാൽ അത് ഗുരുതര പരിക്ക് തന്നെയാണ്. അതാണ് ശ്വാസകോശത്തിൽ രക്തം കട്ടപ്പിടിക്കുന്നതിന് കാരണമായത്. ഇക്കോസ്പ്രിൻ ഗുളിക കഴിക്കുന്നതിനാലാണ് രക്തം കട്ടപ്പിടിക്കാൻ സമയം എടുത്തത്. കുറച്ച് അധികം രക്തം പോയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.
ആരോഗ്യനില അപകടകരമായ അവസ്ഥയിൽ നിന്ന് തിരിച്ചു വരികയാണ്. തലക്ക് പരിക്ക് ഉണ്ട്. അതിനാലാണ് 24 മണിക്കൂർ നിരീക്ഷണമെന്നും ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകുമെന്നും വിഡി സതീശൻ. റെനൈ മെഡിസിറ്റിയിലെത്തി ഉമാ തോമസിൻ്റെ ആരോഗ്യനില അന്വേഷിച്ചതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. റെനൈ മെഡിസിറ്റി ആശുപത്രിയിലെ ന്യൂറോയുടെ നേതൃത്വത്തിലാണ് ചികിത്സ. കൂടാതെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘം എത്തും. ആവശ്യമായ എല്ലാ മെഡിക്കൽ സഹായവും ലഭ്യമാക്കും. ശുഭകരമായ വാർത്തയാണ് ലഭിക്കുന്നതെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടു സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയാണ് അപകടം. സ്റ്റേഡിയത്തിൽ വിഐപികൾക്കായി 40 കസേരകൾ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റും ഇരിക്കുന്നുണ്ടായിരുന്നു. നടന്നു വന്നപ്പോഴാണ് എംഎൽഎ താഴേക്കു വീണത്. കോൺക്രീറ്റിൽ തലയിടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.