Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » കഫിയ അണിഞ്ഞ് പലസ്തീൻ പിന്തുണയുമായി സിപിഎം പാർട്ടി കോൺഗ്രസ്.
കഫിയ അണിഞ്ഞ് പലസ്തീൻ പിന്തുണയുമായി സിപിഎം പാർട്ടി കോൺഗ്രസ്.

കഫിയ അണിഞ്ഞ് പലസ്തീൻ പിന്തുണയുമായി സിപിഎം പാർട്ടി കോൺഗ്രസ്.

by Editor
Send your news and Advertisements

മധുര: കഫിയ അണിഞ്ഞും മുദ്രാവാക്യം വിളിച്ചും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ(എം) പാർട്ടി കോൺഗ്രസ്. സിപിഐ(എം) പോളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണി അലി ഉയർത്തിയ പലസ്‌തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ പ്രതിനിധികൾ ഏറ്റുചൊല്ലി. സിപിഐ(എം) പോളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി പലസ്‌തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു. ഗാസയിലെയും പലസ്തീനിലെയും പ്രയാസപ്പെടുന്ന ജനതയ്ക്ക് സിപിഎമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് എം.എ.ബേബി പറഞ്ഞു. ഇസ്രയേൽ അവരുടെ ഭൂമി പിടിച്ചെടുത്തെന്ന് മാത്രമല്ല, കയ്യേറ്റം വ്യാപിപ്പിക്കാനും പലസ്തീനികളെ അവിടെനിന്ന് ഓടിക്കാനും ശ്രമിക്കുന്നു. ഇത് ചരിത്രപരമായ ക്രൂരതയാണെന്നും എം.എ.ബേബി പ്രമേയത്തിൽ പറഞ്ഞു. അമേരിക്കയുടെ സഹായത്തോടെ ഗാസയിൽ വംശഹത്യ നടത്തുന്ന നെതന്യാഹുവിന്റെ സർക്കാരിനെ നരേന്ദ്ര മോദി സർക്കാർ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയനും, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും, പിബി അം​ഗം ബൃന്ദ കാരാട്ടും അടക്കമുള്ളയാളുകൾ കഫിയ ധരിച്ചാണ് പലസ്തീൻ ജനതക്ക് ഐക്യദാർ‍ഡ്യമറിയിച്ചത്. കഫിയ അണിഞ്ഞു പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് ആവേശകരമായ അനുഭവമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കുറിപ്പിന്റെ രൂപം

‘സിപിഐഎം ഇരുപത്തിനാലാം പാർടി കോൺഗ്രസ് പ്രതിനിധികൾ ചെറുത്തുനില്‍പ്പിന്റെയും ഐക്യദാർഢ്യത്തിന്റെയും ചിഹ്നമായ കഫിയ അണിഞ്ഞു പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് ആവേശകരമായ അനുഭവമായിരുന്നു. ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം പാസാക്കി. എല്ലാ മാനുഷിക മൂല്യങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഹീനമായ അധിനിവേശവുമായി മുന്നോട്ടുപോവുകയാണ് ഇസ്രായേൽ. ഈ സാഹചര്യത്തിൽ പലസ്തീൻ ജനതയോടൊപ്പം അണിനിരക്കുന്നതിന് പകരം ഇസ്രായേലിനെ ന്യായീകരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ. സ്വാതന്ത്ര്യാനന്തരം രാജ്യം തുടർന്നുപോന്ന നിലപാടിൽ വെള്ളം ചേർക്കുന്ന നടപടിയാണിത്. സമ്മേളനം പാസാക്കിയ പ്രമേയം പലസ്തീനിൽ അടിയന്തിരമായി സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെയുള്ള പലസ്തീൻ സ്വതന്ത്രമാവുക തന്നെ ചെയ്യും.’ എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

You may also like

error: Content is protected !!