കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ വ്യാഴാഴ്‌ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ഈ ജില്ലകളിലെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം എല്ലാ വിദ്യാലയങ്ങൾക്കും അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്നാണ് ജില്ലാ കളക്ടർമാരുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്‌ചയും പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ വെള്ളിയാഴ്‌ചയും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഞായറാഴ്‌ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. അതേപോലെ മലയോരങ്ങളിലേക്കുള്ള രാത്രികാല യാത്രകൾ ഒഴിവക്കേണ്ടതാണന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.