മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിൽ കടുവയെ പിടിക്കുന്നതിന് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് സി-വൺ ഡിവിഷന് കീഴിൽ സ്ഥാപിച്ച കെണിയിലാണ് പുള്ളിപ്പുലി കുടുങ്ങിയത്. അടയ്ക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ കടുവ പിടിച്ചിട്ട് 15 ദിവസം കഴിഞ്ഞു. അടുത്തദിവസംതന്നെ കടുവയെ പിടികൂടാനാകുമെന്ന പ്രതീക്ഷയിൽ തുടങ്ങിയ തിരച്ചിൽ ഇഴയുകയാണിപ്പോൾ. നൂറിലേറെ ക്യാമറകൾ, മൂന്ന് കൂടുകൾ, രണ്ട് കുങ്കി ആനകൾ, മൂന്ന് വെറ്ററിനറി ഡോക്ടർമാർ എന്നിവയുൾപ്പെടെ 90 പേരടങ്ങിയ സംഘം തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല.
കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ്, പാന്ത്ര, കൽക്കുണ്ട് ഭാഗങ്ങളിലായി മൂന്നുതവണ തോട്ടം തൊഴിലാളികളും നാട്ടുകാരും കടുവയെ കണ്ടു. ഒരുതവണ വനപാലകരും കടുവയെ വളരെ അടുത്തായി കണ്ടെങ്കിലും മയക്കുവെടി വെയ്ക്കുന്നവർ ഇല്ലാത്തതിനാൽ ഒന്നും ചെയ്താനായില്ല. ബുധനാഴ്ച രാത്രിയിൽ കൽക്കുണ്ട് ചേരിയിൽ മാധവന്റെ വളർത്തുനായയെ പുലി കടിച്ചിരുന്നു. എന്നാൽ സംഭവം അധികൃതർ അന്ന് നിഷേധിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ കെണിയിൽ പുലി കുടുങ്ങിയതോടെ ആളുകളുടെ വാദം ശരിയാവുകയാണ്.