കേരളം അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ കോണ്‍ഗ്രസ് നേതാക്കളുടെ ചക്കിളത്തിപ്പോരിലും ഭിന്നതയിലും എഐസിസിക്ക് കടുത്ത അസ്വസ്ഥതയും അമര്‍ഷവും. കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രണ്ടുവഴിക്ക് നീങ്ങുമ്പോള്‍ ധാര്‍ഷ്ട്യവും കാര്‍ക്കശ്യവും അണികളെ ഉലയ്ക്കുന്നുണ്ടെന്നും പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഏകോപനമില്ലായ്മ ഉണ്ടാകുന്നുണ്ടെന്ന വിമര്‍ശനവും ഹൈക്കമാന്‍ഡിന് മുന്നില്‍ ഉയരുന്നുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, അഭിപ്രായവ്യത്യാസം പരിഹരിച്ച് നേതാക്കള്‍ ഒന്നിച്ചുനിന്നേ മതിയാകൂവെന്നാണു ഹൈക്കമാന്‍ഡിന്റെ നിലപാട് ദീപ ദാസ് മുന്‍ഷി എല്ലാവരേയും അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു സുധാകരന് പകരക്കാരനായി 6 പേരുകള്‍ നിര്‍ദേശിച്ചുവെന്നും വാര്‍ത്തയുണ്ട്. എംപിമാരായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, എംഎൽഎമാരായ റോജി എം.ജോൺ, സണ്ണി ജോസഫ് എന്നിവർ ഉൾപ്പെടുന്ന പാനലാണ് തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലു കോൺഗ്രസ് ഹൈക്കമാൻഡിന് നൽകിയത് എന്നാണ് സൂചന. ഇക്കുറി ഹൈക്കമാൻഡ് ആരെയും നിർദേശിക്കുന്നില്ല. പേര് സംസ്ഥാനത്ത് നിന്ന് തന്നെ ഉയരട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ഈ 6 പേരുകൾ മനസിൽവച്ചാണ് ദീപാദാസ് മുൻഷി കെപിസിസി ഭാരവാഹികളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണുന്നത്.
രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വി ഡി സതീശന്റെ സര്‍വ്വേ കണക്ക് കേരളത്തിലെ കോണ്‍ഗ്രസില്‍ പുത്തന്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് മണ്ഡലങ്ങളില്‍ രഹസ്യസര്‍വേ നടത്തിയെന്ന ആരോപണമാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലൂടെ ഉയര്‍ന്നത്. വി ഡി സതീശന്‍ 63 മണ്ഡലങ്ങളെക്കുറിച്ച് സൂചിപ്പിച്ചത്. എന്നാല്‍ ഇക്കാര്യം പൂര്‍ത്തിയാക്കാന്‍ സതീശന് കഴിഞ്ഞില്ല. പിന്നീട് ഇതേപ്പറ്റി നേതാക്കളോട് വിശദീകരിക്കാന്‍ വിഡി സതീശന്‍ തയ്യാറായതുമില്ല. സര്‍വേയുടെ അടിസ്ഥാനത്തിലല്ല, സമീപകാല തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കണക്കാണ് യോഗത്തില്‍ സതീശന്‍ അവതരിപ്പിച്ചതെന്നാണ് സൂചന. സര്‍വേ നടത്തിയിട്ടില്ലെന്ന് സതീശന്‍ ക്യാമ്പ് വിശദീകരിക്കുകയും കണക്കുകൂട്ടലും അവലോകനവുമാണ് പുറത്തുവന്നതെന്ന രീതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.
കെപിസിസി അറിയാതെ ഇത്തരമൊരു സര്‍വേ നടത്താന്‍ ആരു ചുമതലപ്പെടുത്തി എന്ന് മുന്‍മന്ത്രി എ പി അനില്‍കുമാര്‍ ചോദിച്ചതോടെയാണ് വിഷയം വലിയ ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ചര്‍ച്ചയുണ്ടായെന്നും അതില്‍ തെറ്റൊന്നും കാണുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 93 സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ 21 സീറ്റില്‍ വിജയിച്ചു. ഇവ ഏതു പ്രതികൂല സാഹചര്യത്തിലും കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയുന്ന മണ്ഡലങ്ങളാണെന്നാണ് വിലയിരുത്തല്‍. ഇതിനു പുറമെ, കോണ്‍ഗ്രസിന് ശ്രമിച്ചാല്‍ വിജയം ഉറപ്പാക്കാനാവുന്ന 42 സീറ്റുകളെക്കുറിച്ചാണ് സതീശന്റെ റിപ്പോര്‍ട്ടിലുള്ളത്. ഈ മണ്ഡലങ്ങളുടെ ചുമതല ഓരോ പ്രധാന നേതാവും ഏറ്റെടുക്കണമെന്ന ആശയമാണ് സതീശന്‍ മുന്നോട്ടുവെക്കാന്‍ ശ്രമിച്ചത്. രാഷ്ട്രീയകാര്യസമിതിയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ സാധിക്കാത്തതില്‍ വിഡി സതീശന്‍ കടുത്ത അതൃപ്തിയിലാണ്.
എന്നാൽ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നടന്നതെന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ തെറ്റാണു എന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പറഞ്ഞു. ‘‘മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നു. രാഷ്ട്രീയകാര്യ സമിതിയിൽ നടന്നത് ഒന്നുമല്ല പുറത്തുവരുന്നത്. 63 സീറ്റ്, സംയുക്ത വാർത്താ സമ്മേളനം തുടങ്ങിയ വാർത്തകൾ മാധ്യമങ്ങൾക്ക് എവിടുന്നു കിട്ടി? യോഗത്തിൽ പങ്കെടുത്ത ഞാൻ ഈ ചർച്ചകൾ ഒന്നും കേട്ടില്ല എന്നാണ് എഐസിസി ജനറൽ സെക്രട്ടറി പറഞ്ഞത്. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സർവേ അധികം വൈകാതെ തന്നെ ആരംഭിക്കും. കെപിസിസി പുനഃസംഘടനാ നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ് എന്നും അവർ കൂട്ടിച്ചേർത്തു.
വിമർശനത്തിൽ വിഡി സതീശന് അതൃപ്തി; നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു.