നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. നിവിൻ പോളിക്കൊപ്പം സൂരിയും അഞ്ജലിയും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘മാനാട്’ന് ശേഷം വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ‘ഏഴ് കടൽ ഏഴ് മലൈ’. ‘പേരൻപ്’, ‘തങ്കമീൻകൾ’, ‘കട്രത് തമിഴ്’, ‘തരമണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന സിനിമ 2021 ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിൽ അഞ്ജലിയാണ് നായിക.
8000 വർഷങ്ങളായി ഭൂമിയിൽ ജീവിക്കുന്ന ഒരു ചിരഞ്ജീവിയുടെ കഥാപാത്രത്തെയാണ് നിവിൻ പൊളി ചിത്രത്തിൽ നിവിൻ പൊളി അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയും 32 കാരനായ യുവാവും തമ്മിൽ ഒരു ട്രെയിനിൽ വെച്ച് ഉണ്ടാകുന്ന സംഘർഷങ്ങളും, ഇരുവരെയും കാത്തിരിക്കുന്ന വിധിക്ക് പിന്നിലുള്ള രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റൊമാന്റിക്ക് ഫാന്റസി ഡ്രാമ ഗണത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എൻ.കെ ഏകാംബരനാണ്. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രകാന്ത് സോനവാനെ വസ്ത്രാലങ്കാരം നിർവഹിച്ചപ്പോൾ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് ആണ് ഇതിന്റെ മേക്കപ്പ് നിർവഹിച്ചത്. സ്റ്റണ്ട് സിൽവയാണ് ഇതിനു വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി നൃത്ത സംവിധാനം നിർവഹിച്ചത് സാൻഡിയാണ്. ജനുവരി 20 ന് തിയറ്ററുകളിലെത്തി.