ന്യൂഡൽഹി: പൊലീസ് സേനയിലെ ധീരതയ്‌ക്കും വിശിഷ്ട സേനവത്തിനുമുള്ള രാഷ്‌ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്താകെ 942 പേരാണ് മെഡലുകൾക്ക് അർഹരായത്. ഇതിൽ 95 പേർ ധീരതയ്‌ക്കുള്ള അവാർഡിന് അർഹരായി. പൊലീസ്, അഗ്നിരക്ഷാ സേന, ഹോം ഗാർഡ്, സിവിൽ ഡിഫൻസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് പുരസ്കാരം നൽകുന്നത്.
കേരളത്തിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡൽ എഡിജിപി പി. വിജയൻ ഉൾപ്പടെ മൂന്ന് പേർക്ക് ലഭിച്ചു. അഗ്നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധുസൂദൻ നായർ, സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫിസർ രാജേന്ദ്രൻ നായർ എന്നിവർക്കും വിശിഷ്‌ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുർഹ്യ സേവനത്തിന് പൊലീസ് സേനയിലെ 10 പേർക്കും അഗ്നിരക്ഷാ സേനയിൽ 5 പേർക്കും ജയിൽ വകുപ്പിലെ 5 പേർക്കും രാഷ്‌ട്രപതിയുടെ മെഡൽ ലഭിച്ചു.
എസ്‌പി ബി.കൃഷ്ണകുമാർ, ഡിഎസ്‌പിമാരായ ആർ.ഷാബു, കെ.ജെ. വർഗീസ്, എം.പി. വിനോദ്, കെ.റെജി മാത്യു, ഡിവൈഎസ്‌പി എം. ഗംഗാധരൻ, അസിസ്റ്റന്റ് കമാൻഡന്റ് ജി. ശ്രീകുമാരൻ, എസ്ഐമാരായ എം.എസ്. ഗോപകുമാർ, സുരേഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾ എം.ബിന്ദു എന്നിവർക്കാണ് പൊലീസിലെ സ്തുത്യർഹ സേവന മെഡൽ ലഭിച്ചത്. അഗ്നിരക്ഷാ സേനയിൽ ഫയർ ഓഫിസർ എസ്.സൂരജ്, സ്റ്റേഷൻ ഓഫിസർ വി.സെബാസ്റ്റ്യൻ, സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫിസർമാരായ പി.സി. പ്രേമൻ, കെ.ടി. സാലി, പി.കെ. ബാബു എന്നിവർക്കാണു മെഡൽ. ജയിൽ വകുപ്പിൽ സൂപ്രണ്ട് ടി.ആർ. രാജീവ്, ഡപ്യൂട്ടി സൂപ്രണ്ടുമാരായ വി. ഉദയകുമാർ, എം. രാധാകൃഷ്ണൻ, സി.ഷാജി, അസിസ്റ്റന്റ് സൂപ്രണ്ട് പി.ഉണ്ണികൃഷ്ണൻ എന്നിവർക്കും സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചു.