ടെൽ അവീവ്: ഇസ്രയേലിലെ ടെൽ അവീവിൽ മൂന്ന് ബസുകളിൽ സ്ഫോടനം. വ്യാഴാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. ആളപായമില്ല. സംഭവം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേൽ പോലീസ് അറിയിച്ചു. മറ്റു രണ്ട് ബസുകളിലെ സ്ഫോടക വസ്തുക്കൾ പൊലീസ് നിർവീര്യമാക്കിയിട്ടുണ്ട്. നാലര ലക്ഷത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇസ്രയേലിലെ നഗരമാണ് ടെൽ അവീവ്. നിർത്തിയിട്ടിരുന്ന ബസ്സായിരുന്നതിനാൽ ആളപായമുണ്ടായില്ല. എന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പുറപ്പെടാനിരുന്ന ബസ്സ് ആയിരുന്നുവെന്ന് അധികൃതർ പറയുന്നു.
ഇസ്രയേലും ഹമാസും വെടിനിർത്തൽ തുടങ്ങി മൂന്നാഴ്ച്ച പിന്നിടുമ്പോഴാണ് ഇസ്രയേലിൽ വീണ്ടും ആക്രമണമുണ്ടാവുന്നത്. ഒക്ടോബർ 7-ലെ ആക്രമണത്തിൽ ബന്ദികളാക്കിയവരിൽ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങൾ ഹമാസ് ഇസ്രയേലിനു കൈമാറിയതിനു പിന്നാലെയാണ് സ്ഫോടനങ്ങൾ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായും വെസ്റ്റ് ബാങ്കിൽ പരിശോധന നടത്താൻ സൈന്യത്തിന് നിർദേശം നൽകിയതായും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. നിലവിൽ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. വെസ്റ്റ് ബാങ്ക് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്നും പെട്ടെന്ന് തന്നെ വെസ്റ്റ് ബാങ്കിൽ സൈനിക നടപടി നടത്തുമെന്നും ഇസ്രയേൽ പറയുന്നു. എന്നാൽ വെസ്റ്റ് ബാങ്കിൽ സൈനിക നടപടിയുണ്ടായാൽ മേഖലയിലെ സ്ഥിതി അതിസങ്കീർണ്ണമാവും.
ഇന്നലെയാണ് തടവിൽ മരിച്ച നാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് ഇസ്രായേലിന് കൈമാറിയത്. തെക്കൻ ഇസ്രായേലിലെ കിബ്ബറ്റ്സ് നിർ ഓസിലെ വീട്ടിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ഷിരി ബിബാസ് (32), മക്കളായ ഏരിയൽ (4), 9 മാസം പ്രായമുള്ള ഖിഫിർ, 83-കാരനായ ഓഡെഡ് ലിഫ്ഷിറ്റ്സ് എന്നിവരുടെ മൃതദേഹങ്ങൾ ആണ് കൈമാറിയത്. മൃതദേഹങ്ങൾ ആദ്യം റെഡ് ക്രോസിന് കൈമാറി. തുടർന്ന് ഇസ്രായേൽ സൈന്യത്തിന് കൈമാറി. ഇവരുടെ പിതാവ് യാർഡൻ ബിബാസിനെ 484 ദിവസത്തെ തടവിനുശേഷം ഈ മാസം ആദ്യം ഹമാസ് മോചിപ്പിച്ചിരുന്നു.
ഇസ്രായേലിന്റെ ഷെല്ലാക്രമണത്തിൽ ആണ് ഇവർ കൊല്ലപ്പെട്ടെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. എന്നാൽ ഇക്കാര്യം ഇസ്രായേൽ ഭരണകൂടം അംഗീകരിച്ചിട്ടില്ല. ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹം കൈമാറാൻ ഹമാസ് തയ്യാറായത്. എന്നാൽ ഡിഎൻഎ പരിശോധന ചെയ്തതിന് ശേഷമേ ലഭിച്ച മൃതദേഹങ്ങൾ ആരുടേതാണെന്ന് ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിക്കൂവെന്നാണ് വിവരം. 2 ദിവസത്തിനകം ഡിഎൻഎ പരിശോധനാ ഫലം വരും. ഇതിന് ശേഷമായിരിക്കും മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറുക. മൃതദേഹങ്ങൾ പരിശോധനകൾക്കായി അബു കബീർ നാഷനൽ സെന്റർ ഫോർ ഫൊറൻസിക് മെഡിസിനിലേക്ക് മാറ്റി.