ടെഹ്‌റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമ റിപ്പോർട്ടുകൾ. അഞ്ച് സ്ഥലങ്ങളിൽ സ്ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആണവ കേന്ദ്രങ്ങളും ഇസ്രായേൽ ആക്രമിച്ചു എന്നാണ് വിവരം. ഇറാന് നേർക്ക് ആക്രമണം തുടങ്ങിയതായി ഇസ്രയേൽ അറിയിച്ചു. ഇറാനിൽ നിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ പ്രതീക്ഷിക്കുന്നതുകൊണ്ടു രാജ്യം ആഭ്യന്തര അടിയന്തരാവസ്ഥയിലാണെന്ന് ഇസ്രായേലിന്റെ പ്രതിരോധ മന്ത്രി അറിയിച്ചു. ആക്രമണം ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാണെന്ന് ഇസ്രയേൽ പറഞ്ഞു. ആക്രമണത്തിൽ ഇറാന്റെ സൈനിക തലവൻമാരെ ലക്ഷ്യമിട്ടതായും ഇസ്രയേൽ വ്യക്തമാക്കി.
ഇസ്രായേൽ ആക്രമണത്തിൽ അമേരിക്ക പങ്കെടുത്തിട്ടില്ല എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. അമേരിക്കൻ ബേസുകളെ ഇറാൻ ലക്‌ഷ്യം വെച്ചാൽ അതിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അമേരിക്കയ്ക്കുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനു നേരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ എന്നിവയുള്‍പ്പടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളേയും സൈനിക ഉദ്യോഗസ്ഥരുടെ ആശ്രിതരേയും പിന്‍വലിക്കാന്‍ യുഎസ് പ്രതിരോധ വകുപ്പ് ഇന്നലെ തീരുമാനിച്ചിരുന്നു. ഇറാഖിലെ തങ്ങളുടെ എംബസി ഭാഗികമായി ഒഴിപ്പിക്കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ‘സ്വദേശത്തും വിദേശത്തും അമേരിക്കക്കാരെ സുരക്ഷിതമായി നിലനിര്‍ത്തുക’ എന്ന പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിലാണ് ബാഗ്ദാദിലെ യുഎസ് എംബസിയില്‍ നിന്ന് അത്യാവശ്യമില്ലാത്ത എല്ലാ ഉദ്യോഗസ്ഥരോടും മാറാന്‍ ഉത്തരവിട്ടതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.