ഇന്ത്യയുടെ കടുത്ത എതിർപ്പിനിടയിലും അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) പാക്കിസ്ഥാന് 8500 കോടിയുടെ സഹായം നൽകി. രണ്ട് തവണ ഗ്രേ ലിസ്റ്റിൽ പെട്ട പാക്കിസ്ഥാന് ധനസഹായം നൽകരുതെന്ന് അഭ്യർത്ഥിച്ചിട്ടും വായ്പയിലെ ആദ്യ ഗഡുവായ ഏഴ് ബില്യൺ ഡോളറിന്‍റെ സഹായം ആണ് ഐഎംഎഫ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. പണം ഭീകരപ്രവർത്തനത്തിനായി ദുരുപയോഗം ചെയ്തേക്കുമെന്നു ചൂണ്ടിക്കാട്ടി ധനസഹായം നൽകുന്നതിനെ ബോർഡ് യോഗത്തിൽ ഇന്ത്യ എതിർത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ എതിർത്തത്.
പാക്കിസ്ഥാന് നൽകുന്ന പണം കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ലെന്നും വലിയ അഴിമതികൾ പദ്ധതി നിർവഹണത്തിൽ നടക്കുന്നുവെന്നും ഇന്ത്യ കുറ്റപ്പെടുത്തി. പാക്കിസ്ഥാന്റെ കടബാധ്യത വളരെ കൂടുതലാണെന്നതും ഇന്ത്യ ഉന്നയിച്ചു. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ-ഇ-മുഹമ്മദ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾക്ക് പാക്കിസ്ഥാന് ലഭിക്കുന്ന തുക പരോക്ഷമായി ലഭിക്കുന്നുവെന്നും ഇന്ത്യ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.
ഭീകരവാദ പ്രവർത്തനത്തിൽ നടത്തുന്ന ഇടപെടലുകൾ തടയാൻ പാക്കിസ്ഥാനെ (എഫ്എടിഎഫ്) ‘ഗ്രേ പട്ടിക’യിൽ ഉൾപ്പെടുത്താൻ ഇന്ത്യ നീക്കം ആരംഭിച്ചിട്ടുണ്ട്. 2018 മുതൽ 2022 വരെ പാക്കിസ്ഥാൻ ഈ പട്ടികയിലായിരുന്നു. ഏജൻസിയുടെ അടുത്ത യോഗത്തിൽ തന്നെ വിഷയം ഉന്നയിക്കാനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്.