Tuesday, March 24, 2026
Home » ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീം കോടതി വീണ്ടും തള്ളി
തഹാവൂർ റാണ

ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീം കോടതി വീണ്ടും തള്ളി

by Editor
Send your news and Advertisements

വാഷിങ്ടൺ: മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക്ക് വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് യുഎസ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി വീണ്ടും കോടതി തള്ളി. തഹാവൂർ റാണ നൽകിയ അടിയന്തിര ഹേബിയസ് കോർപസ് ഹർജി യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ആണ് തള്ളിയത്. ഫെബ്രുവരിയിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റാണയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകിയത്. ജനുവരിയില്‍ സുപ്രീംകോടതി റാണയുടെ പുനഃപരിശോധനാഹര്‍ജി തള്ളിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് ഈ ഉത്തരവ് സ്റ്റേചെയ്യണമെന്നാവശ്യപ്പട്ട് റാണ സമര്‍പ്പിച്ച അടിയന്തര അപേക്ഷ യു.എസ്. സുപ്രീംകോടതി മാര്‍ച്ചില്‍ തള്ളിയിരുന്നു. പാക്കിസ്ഥാനില്‍ ജനിച്ച മുസ്ലിമായതിനാല്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുമെന്ന് ആരോപിച്ചായിരുന്നു റാണ അപേക്ഷ സമര്‍പ്പിച്ചത്.

മുംബൈ ഭീകരാക്രമണ കേസിൽ തഹാവൂർ റാണയ്ക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. കനേഡിയൻ പൗരത്വമുള്ള വ്യവസായിയായ തഹാവൂർ റാണ പാക്കിസ്ഥാൻ സ്വദേശിയാണ്. ഭീകരാക്രമണം നടപ്പാക്കാൻ അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് എല്ലാ സഹായവും നൽകിയത് തഹാവൂർ റാണയാണെന്നാണ് എൻഐഎ കണ്ടെത്തൽ. ഷിക്കാഗോയില്‍ താമസിച്ചുവന്നിരുന്ന ഇയാളെ 2011 ലാണ് ഭീകരാക്രമണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്ക് 13 കൊല്ലത്തെ ജയില്‍ശിക്ഷയും ലഭിച്ചു. ലോസ് ആഞ്ജിലിസിലെ മെട്രോപോളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് ഇയാളെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

2008 നവംബർ 26 -നു ഹോട്ടലുകള്‍, റെയില്‍വേ സ്‌റ്റേഷന്‍, മുംബൈയിലെ ഒരു ജൂതകേന്ദ്രം എന്നിവിടങ്ങളില്‍ മൂന്ന് ദിവസങ്ങളായി നടന്ന ആക്രമണങ്ങളില്‍ 6 അമേരിക്കൻ വംശജർ ഉൾപ്പടെ 166 പേരാണ് കൊല്ലപ്പെട്ടത്.

You may also like

error: Content is protected !!