ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ഇന്ത്യയിൽ സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ മൂന്നുമാസം പ്രായമുള്ള കുട്ടിക്കും എട്ടുമാസം പ്രായമുള്ള കുട്ടിക്കും വൈറസ് സ്ഥിരീകരിച്ചെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. പരിശോധനയിൽ കുട്ടി പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കർണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ചൈനീസ് വേരിയന്റ് ആണോ എന്നതില്‍ സ്ഥിരീകരണം ഇല്ല. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ശക്തമായ പനിയെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് കുട്ടികള്‍ക്കും വിദേശയാത്രാ പശ്ചാത്തലമില്ല. കുട്ടികളെയും രക്ഷിതാക്കളെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.
സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദേശം നൽകി. വിദഗ്ധ സംഘം ഇന്നലെയും ചൈനയിലെ സാഹചര്യം വിലയിരുത്തി. ലോകാരോഗ്യ സംഘടനയുയായി നിരന്തരം സമ്പർക്കത്തിലെന്നും മന്ത്രാലയം അറിയിച്ചു. രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിക്കുക. ചുമ, ജലദോഷം, പനി, തുമ്മൽ എന്നിവയാണ് എച്ച് എം പിവി ലക്ഷണങ്ങൾ. 2001 മുതൽ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്ര വ്യാപകമായി പടർന്നുപിടിച്ചിരുന്നില്ല. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ലഭ്യമല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് നൽകുക. ചൈനയിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ തന്നെ ലോകാരോഗ്യ സംഘടനാ ഇതുവരെ ജാഗ്രതാ നിർദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല.