വർക്കല ഇടവയിലെ ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും നൂറ് കിലോ ചന്ദനത്തടികളുമായി രണ്ടുപേർ പിടിയിലായി. പാലക്കാട് നെല്ലായി മക്കട സ്വദേശി മുഹമ്മദ് അലി (37), വർക്കല വെന്നിയോട് വെട്ടൂർ മേലേ കല്ലുവിള വീട്ടിൽ ആർ. വിഷ്ണു (29) എന്നിവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലോട് വനം വകുപ്പ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പത്ത് ലക്ഷത്തിലധികം വിലവരുന്ന ചന്ദനത്തടികൾ, വീട്ടിനുള്ളിലെ രഹസ്യ അറകളിൽ സൂക്ഷിച്ച നിലയിലായിരുന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വീടുകളിൽ നിൽക്കുന്ന ചന്ദനമരം വാങ്ങി വില്പന നടത്തുന്ന സംഘവുമായി ഇവർക്ക് ബന്ധമുള്ളതായി സംശയിക്കുന്നുണ്ടെന്നും പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറെടുക്കുന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.