Thursday, October 16, 2025
Mantis Partners Sydney
Home » ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി
ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി

ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി

by Editor

ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനമായ ഞായറാഴ്ച വൈകീട്ട് 07:07-നാണ് ടീസര്‍ പുറത്തിറക്കിയത്. ഗംഭീര പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. നടൻ മമ്മൂട്ടിയായിരുന്നു ട്രെയ്‌ലർ ലോഞ്ചിൽ അതിഥിയായി എത്തിയത്. ടീസർ അവതരിപ്പിച്ച ശേഷം ചിത്രത്തെ കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. രാജു ഇത്രയും ‘ചെറിയൊ’രു പടം എടുക്കുമെന്ന് താൻ വിചാരിച്ചില്ലെന്നും കണ്ടതിൽ വെച്ച് ഏറ്റവും ‘വലിയ’ ചെറിയ പടമാണ് ഇതെന്നും മമ്മൂട്ടി പറഞ്ഞു. എമ്പുരാൻ വലിയ വിജയമാകട്ടെയെന്നും നമുക്കെല്ലാവർക്കും അതിന്റെ ഭാ​ഗമാവാൻ സാധിക്കട്ടെയെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

‘എന്റെ എല്ലാ ആശംസകളും സ്നേഹവും ആശിർവാദിനും ആന്റണിക്കും എന്റെ പ്രിയപ്പെട്ട ലാലിനും നേരുന്നു. പൃഥ്വിരാജിനും വിജയാശംസകൾ നേരുന്നു’, മമ്മൂട്ടി പറഞ്ഞു. ഗംഭീര വിഷ്വൽ ട്രീറ്റ് ആകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ടീസര്‍ റിലീസ് ചെയ്തു. മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27-നാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശീര്‍വാദ് സിനിമാസിന്റെയും ലെയ്ക്ക പ്രൊഡക്ഷൻസിന്റേയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിലൂടെയാണ് ടീസര്‍ സോഷ്യൽ മീഡിയയിലേക്ക് എത്തിയത്. മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ ടീസര്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. സുബാസ്കരന്റെ ലെയ്ക്ക പ്രൊഡക്ഷൻസ് മലയാളത്തിൽ നിർമ്മാണപങ്കാളിയാകുന്ന ആദ്യ ചിത്രം കൂടിയാണ്, 2019-ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തുടര്‍ച്ചയായെത്തുന്ന എല്‍2: എമ്പുരാന്‍.

എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് എമ്പുരാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍, പൃഥ്വിരാജ്, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടന്‍ എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങളും ചിത്രത്തില്‍ എത്തുന്നുവെന്നാണ് വിവരം. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Send your news and Advertisements

You may also like

error: Content is protected !!