അമേരിക്കയിലെ ഫിലഡൽഫിയയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണുണ്ടായ അപകടത്തിൽ ഏഴ് മരണം. ഫിലഡൽഫിയയിലെ ഒരു ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് രോഗിയായ പെൺകുട്ടിയുമായി മിസ്സോറി വഴി മെക്സിക്കോയിലേക്ക് മടങ്ങുകയായിരുന്ന വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. നിരവധി വീടുകളും വാഹനങ്ങളും തകർന്നു, പ്രദേശത്തെ 19 പേർക്ക് പരിക്കേറ്റു. ഒരു കാറിലുണ്ടായിരുന്ന ഒരാൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചതായി ഫിലാഡൽഫിയ മേയർ പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന രോഗിയായ പെൺകുട്ടിയും അമ്മയും അടക്കം ആറ് പേരും മെക്സിക്കോ സ്വദേശികളാണ്. റൂസ്‌വെൽറ്റ് മാളിനടുത്താണ് വിമാനം തകർന്ന് വീണത്. വിമാനത്തിൽ രണ്ട് പൈലറ്റുമാരും രണ്ട് ഡോക്ടമാരും, ഒരു കുട്ടിയും അമ്മയുമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് സമീപത്തുള്ള വീടുകളിൽ തീ പടർന്ന് പിടിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.