ലാഹോർ: ഇന്ത്യയിൽ നിന്നുള്ള ഏത് ആക്രമണത്തെയും നേരിടാൻ തങ്ങളുടെ രാജ്യം പൂർണ്ണമായും തയ്യാറാണെന്ന പ്രകോപനകരമായ പ്രസ്‌താവനയുമായി പാക്കിസ്ഥാനിലെ പഞ്ചാബ് സർക്കാരിലെ മന്ത്രി അസ്‌മാ ബൊഖാരി. ഇന്ത്യ നടത്തുന്ന ഏതൊരു സാഹസികതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മന്ത്രി ഭീഷണി മുഴക്കി. അന്ന് അഭിനന്ദനെ ചായ കൊടുത്തു വിട്ടു ഇനി അത് ഉണ്ടാകില്ലെന്നും അസ്‌മാ ബൊഖാരി മുന്നറിയിപ്പ് നൽകി. അഭിനന്ദൻ വർദ്ധമാൻ സംഭവത്തെ ഓർമിപ്പിച്ചായിരുന്നു മന്ത്രിയുടെ പരാമർശം.
“ഇടയ്ക്കിടെ ഒരു അതിഥി വരുന്നത് സഹിക്കാവുന്നതാണ്. എന്നാൽ അതിഥികൾ ഇടയ്ക്കിടെ വന്നാൽ, പാക്കിസ്ഥാൻ സൈന്യത്തിനും, അവിടുത്തെ ജനങ്ങൾക്കും, സർക്കാരിനും അതിനനുസരിച്ച് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാം,” എന്ന് ഭീഷണി മുഴക്കി. ഇപ്പോൾ നടക്കുന്നത് പാക്കിസ്ഥാനെ തെറ്റായി കുറ്റപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള, ഇന്ത്യ മുമ്പ് നടത്തിയതുപോലെയുള്ള മറ്റൊരു ഭീരുത്വ ശ്രമമാണെന്ന് അസ്‌മാ ബൊഖാരി പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏതൊരു സൈനിക നീക്കവും ഗുരുതരമായ തെറ്റായിരിക്കുമെന്നും പ്രതിരോധിക്കാൻ തങ്ങൾ ഏതറ്റം വരെയും പോകുമെന്നും ബൊഖാരി പറഞ്ഞു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികള്‍ക്ക് പിന്നാലെ പാക്കിസ്ഥാന്‍ ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിന്റെ അധ്യക്ഷതയില്‍ നാളെ ദേശീയ സുരക്ഷാ സമിതി ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
ഒരാഴ്ചമുൻപാണ് പാക്കിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ കശ്മീരുമായി ബന്ധപ്പെട്ടു ചില പരാമർശങ്ങൾ നടത്തിയത്. കശ്മീർ പാക്കിസ്ഥാന്റെ കർണഞരമ്പാണ് (Jugular Vein) എന്നും ലോകത്തെ ഒരു ശക്തിക്കും കാശ്മീരിനെ പാക്കിസ്ഥാനിൽനിന്നു വേർപെടുത്താനാവില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. മാത്രവുമല്ല ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സാംസ്കാരിക പശ്ചാത്തലം വ്യത്യസ്‌തമാണെന്നും ഇസ്ലാം ആണ് പാക്കിസ്ഥാന്റെ കാതലായ സ്വത്വം എന്നും അതിനെ പ്രതിരോധിക്കേണ്ടത് ഓരോ പാക് പൗരന്റെയും കടമയാണെന്നും ജനറൽ അസിം മുനീർ പറഞ്ഞുവെക്കുന്നു. അതിനെ തുടർന്നാണ് ഈ ആക്രമണവും എന്നതും കൂട്ടിവായിക്കണം.
സേനകളോട് സജ്ജമാകാൻ നിർദ്ദേശം, സിന്ധു നദീജല കരാർ മരവിപ്പിച്ചു, പാക്കിസ്ഥാനികൾ ഉടൻ ഇന്ത്യ വിടണം.