Sunday, August 31, 2025
Mantis Partners Sydney
Home » അനധികൃത കുടിയേറ്റം; ടെക്സസിൽ നിന്നുള്ള 205 പേരുമായി ആദ്യ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു.
അനധികൃത കുടിയേറ്റം; ടെക്സസിൽ നിന്നുള്ള 205 പേരുമായി ആദ്യ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു.

അനധികൃത കുടിയേറ്റം; ടെക്സസിൽ നിന്നുള്ള 205 പേരുമായി ആദ്യ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു.

by Editor

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ ഡോണൾ‍ഡ് ട്രംപ് ഭരണകൂടം സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് അയച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സി–17 വിമാനം 205 യാത്രക്കാരുമായി ടെക്സസ് വിമാനത്താവളത്തിൽ നിന്നാണ് ഇന്ത്യയിലേക്കു പുറപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിവയവരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്‍റെ നടപടിയോട് തുറന്ന മനസ്സാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതികരിച്ചിരുന്നു. 2023 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെ 1,100 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ യുഎസ് തിരിച്ചയച്ചിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലുള്ള ചർച്ചയിൽ വിഷയം വന്നിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും തമ്മിലും ചർച്ച ചെയ്തിരുന്നു.  ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ യുഎസിലെത്തിയ ജയശങ്കർ, നിയമവിരുദ്ധമായ സഞ്ചാരത്തെയും അനധികൃത കുടിയേറ്റത്തെയും ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി തുടങ്ങിയിരുന്നു. അനധികൃത കുടിയേറ്റത്തിന് പരിഹാരം കാണാനായി ട്രംപ് ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിരുന്നു. സൈനിക ബേസുകളിൽ അനധികൃത കുടിയേറ്റക്കാരെ എത്തിച്ച ശേഷം സൈനിക വിമാനങ്ങളിൽ തിരികെ അയയ്ക്കുന്നതായാണ് റിപ്പോർട്ട്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കും ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടിട്ടുണ്ട്.

പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്ക സന്ദർശിക്കാനിരിക്കേയാണ് അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നത്. 12, 13 തീയതികളിലായിരിക്കും സന്ദർശനം. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ക്ഷണപ്രകാരമാണ് യാത്ര.

Send your news and Advertisements

You may also like

error: Content is protected !!