വാഷിങ്ടൺ: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിവയവരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്‍റെ നടപടിയോട് എതിർപ്പില്ലെന്നറിയിച്ച് ഇന്ത്യ. നാടുകടത്തൽ നടപടികൾ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വേഗത്തിലാക്കുമ്പോഴാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ യുഎസിലെത്തിയ ജയശങ്കർ, നിയമവിരുദ്ധമായ സഞ്ചാരത്തെയും അനധികൃത കുടിയേറ്റത്തെയും ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്ന് വ്യക്തമാക്കി. യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നവരുടെ രേഖകൾ പരിശോധിക്കുന്ന പ്രക്രിയകൾ സർക്കാർ ഇപ്പോഴും തുടരുകയാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. അതേസമയം വിസയ്‌ക്ക് 400 ദിവസം വരെ കാത്തിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള ഉഭയകക്ഷി ചർച്ചയ്‌ക്ക് ശേഷമായിരുന്നു ജയശങ്കറിന്റെ പ്രതികരണം.”ഒരു സർക്കാർ എന്നനിലയിൽ ഞങ്ങൾ നിയമാനുസൃതമായ തിരിച്ചുവരവിനെ ഞങ്ങൾ പിന്തുണക്കുന്നു ഇന്ത്യൻ പ്രതിഭകൾക്കും കഴിവുകൾക്കും ആഗോള തലത്തിൽ പരമാവധി അവസരം ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതേസമയം നിയമവിരുദ്ധമായ സഞ്ചാരത്തിനും അനധികൃത കുടിയേറ്റത്തിനും എതിരായ നിലപാടിൽ ഉറച്ചുനിൽക്കുന്നു,” ജയശങ്കർ പറഞ്ഞു.
യുഎസിൽ അനധികൃതമായി കഴിയുന്ന 1,80,000-ത്തിലധികം ഇന്ത്യക്കാരെ നാടുകടത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മന്ത്രി ഇന്ത്യയുടെ നിലപാട് വിശദമാക്കിയത്. ഡോണൾഡ് ട്രംപ് പ്രസിഡൻ്റായി മൂന്നാം ദിവസം അനധികൃത കുടിയേറ്റത്തിനെതിരായ കൂടുതൽ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ തെക്കൻ അതിർത്തിയിൽ അനധികൃതമായി താമസിക്കുന്ന വിദേശികളെ ഉടൻ തിരിച്ചയക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഹോംലാൻഡ് സെക്യൂരിറ്റി, ജസ്റ്റിസ്, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റുകളോട് ഉത്തരവിൽ ആവശ്യപ്പെട്ടു.