ഓർമ്മകൾ അടിയൊഴുക്കുകളാണ്… തെളിഞ്ഞ് ശാന്തമായി ഒഴുകുന്ന നീർച്ചാലുകൾ…!. ആഴമില്ലാത്ത ഓളങ്ങളില്ലാത്ത, മാനത്തുകണ്ണിയും, പരലും, പളളത്തിയും തുള്ളിക്കളിക്കുന്ന തെളിനീരൊഴുക്ക്..!
കുട്ടിക്കാലം: തിരിച്ചറിവില്ലായ്മയുടെ നാളുകൾ…! അനാഥത്വം കൂട്ടുകൂടി നടന്ന നാളുകൾ …! അമ്മ, കണ്ണീരുപ്പു ചാലിച്ചാറ്റിത്തരുന്ന കഞ്ഞി മാത്രം കുടിച്ച് വിശപ്പാറ്റി നടന്ന നാളുകൾ …!
റോഡിന്നോരം ചേർന്ന്, ഉയരത്തിൽ മൺകട്ടകൾ ചേർത്തുവച്ചു കെട്ടിയ രണ്ടു കുടുസുമുറികളും, അടുക്കളയും, ഒരു കുഞ്ഞു വരാന്തയുമുളള ഓലപ്പുര..
അമ്മയ്ക്ക് അവകാശങ്ങളൊന്നുമില്ലാത്ത അമ്മയുടെ കുടുംബവീട്.
റോഡിനു താഴെ പരന്നു കിടക്കുന്ന കണ്ണെത്താദൂരം പാടമാണ്. പാടത്തിനു നടുവിലൂടെ വീതികുറഞ്ഞ നീണ്ടു വളഞ്ഞ തോടുമുണ്ട്… അങ്ങ് ദൂരെ, കടലിക്കുന്നിന്റെ നെറുകയിൽ നിന്നൊഴുകിയിറങ്ങിവരുന്ന തോടാണു പോലും… ഒഴുകിയൊഴുകി അവസാനം ഏതു പുഴയിലാണ് ചെന്നവസാനിക്കുന്നതെന്ന് തനിക്കറിയാത്ത, ഒരിക്കലും വെളളം വറ്റാത്ത തോട്.
അതിനുമപ്പുറം നിരപ്പില്ലാത്ത കരഭൂമിയാണ്. ഏക്കറു കണക്കിനുണ്ട് ഒരോരുത്തർക്കും സ്വന്തമായിട്ട്….. കുറ്റിക്കാടുകളും, വൻമരങ്ങളും, തുറസ്സായ കൃഷിസ്ഥലങ്ങളും, ദൂരേന്നു നോക്കുമ്പോൾ ആകാശംമുട്ടി നിൽക്കുന്ന കറുത്ത വിശാലമായ പച്ചപ്പ്…! ഓർമ്മകളിൽ വട്ടമിട്ടു നിൽക്കുന്ന പച്ചപ്പ് ഇന്നും അതുമാത്രമാണ്…
വീടിന്റെ പിന്നാമ്പുറങ്ങളിൽ അടുത്തും അകലെയുമായിട്ട് നിറയെ വീടുകൾ..
‘തോപ്പുംപടി’ മുക്കിൽ ലോറിയുടെ മുഖമുളള ബസ്സു നിർത്തുന്ന സ്ഥലത്ത്, അടുത്തടുത്തായി ശിവരാമേട്ടന്റെ കുഞ്ഞു ചായക്കട, പുരുഷോത്തമന്റെ ചെറിയ മുറുക്കാൻ കട, നരച്ച താടിയും മുടിയുമുള്ള ദിവാകരൻ പിള്ളയുടെ പലചരക്കു കട, തീർന്നു തോപ്പുംപടി മുക്കിന്റെ ആഡംബരങ്ങൾ …!
ഒരു പഴകി മഞ്ഞിച്ച വെളള പെറ്റിക്കോട്ടുകാരി. അമ്മയുടെ പിന്നാലെ എപ്പോഴുമെന്തെങ്കിലുമൊക്കെ പിറുപിറുത്തുകൊണ്ടങ്ങനെ നടക്കും. അമ്മേടെ ഭാഷയിൽ പറഞ്ഞാൽ. ‘ഈ പെണ്ണിന്റെ കയ്യും കാലും ഒരിക്കലും ഒരിടത്തും അടങ്ങിയിരിക്കത്തില്ല, കുഞ്ഞു വായിൽ വലിയ വർത്തമാനോം പറഞ്ഞോണ്ടങ്ങു നടന്നോളും..” വെയിലുകൊണ്ടും, ചാറ്റൽമഴ നനഞ്ഞും, മുറ്റത്തൂടെയും പറമ്പിലൂടെയുമെല്ലാം ഓടിനടക്കുന്ന വലിയ വർത്തമാനക്കാരി….!
ജഗദമ്മായീടെ വീട്ടിലെ പുറം പണിയൊക്കെ അമ്മയാ ചെയ്യുന്നത്. മുറ്റം തൂപ്പും, ചാണകം വാരലും, എരുത്തിലു കഴുകലുമൊക്കെയായി പകലുമുഴുവനും അമ്മ ആയമ്മേടെ വീട്ടിലാ…. കൂടെ താനും.. അവിടുന്നുളള രണ്ടുനേരത്തെ ആഹാരം, അതായിരുന്നു അമ്മയ്ക്കുളള പ്രതിഫലമെന്നു പറയാം.. അത്യാവശ്യത്തിനു വല്ലപ്പോഴും ചെറിയ തുകയും അമ്മയ്ക്കു ആയമ്മ വച്ചുനീട്ടുന്നതു താൻ കണ്ടിട്ടുണ്ട്…
പണിയൊക്കെ കഴിഞ്ഞിറങ്ങാൻ നേരത്ത് കൊട്ടയിലോ വട്ടിയിലോ എന്തെങ്കിലുമൊക്കെ തന്നും വിടും…. രണ്ടു മൂന്നു മരച്ചീനിക്കിഴങ്ങ്, ഏത്തക്കുലയുടെ അടിയിലെ മൂന്നാലു മാന്നിക്കാ, അരമുറി തേങ്ങ, അങ്ങനെ ചെറിയ ചെറിയ സാധനങ്ങൾ… അവരു സാധാരണക്കാരാ… കൃഷിയിൽ നിന്നും, പിന്നെ പാലും കോഴിമുട്ടയുമൊക്കെ വിറ്റു കിട്ടുന്നതുമേ വരുമാനമായുള്ളൂ.
ഒരുദിവസം ജഗദമ്മായി അമ്മയോടു പറഞ്ഞു ‘നിനക്കീ കൊച്ചിനെ നിന്റെ പുറകേ ഇങ്ങനെ ചുറ്റിത്തിരിഞ്ഞു നടത്തിപ്പിക്കാതെ പള്ളിക്കൂടത്തിൽ പറഞ്ഞു വിട്ടൂടേ? അവിടെയാവുമ്പോൾ ഉച്ചവരെ അടങ്ങിയൊതുങ്ങി ഒരിടത്തിരുന്നോളും.’
വിശപ്പടക്കാൻ ഉപ്പുമാവും കിട്ടും, നാലക്ഷരം പഠിക്കേം ചെയ്യും….” ജഗദമ്മായി അമ്മയെ ‘പെണ്ണേ’ എന്നേ വിളിക്കൂ… രാധേന്നു വിളിക്കില്ല…സത്യം പറഞ്ഞാൽ അമ്മയെ രാധേന്ന് ആരും വിളിക്കാറില്ലെന്നതാ വാസ്തവം.. അമ്മപോലും അമ്മേടെ പേരു മറന്നൂന്നാ തോന്നുന്നെ…
“അതിനവൾക്കു മൂന്ന് വയസ്സാവുന്നല്ലേയുളളൂ ജഗദമ്മായീ. ഈ പ്രായത്തിൽ പള്ളിക്കൂടത്തിലെടുക്കുമോ..?”
‘ഓ…നിന്റെ കൊച്ചിന്റെ വയസ്സ് നിനക്കല്ലേ ഇത്ര കൃത്യമായിട്ടറിയൂ…..! ഒരു രണ്ടോ മൂന്നോ വയസ്സങ്ങു കൂട്ടിവച്ചാൽ ആരറിയാൻ പോകുന്നു?…..കോയിക്കലെ കൈമളു സാർ അമ്പലത്തിപ്പളളിക്കൂടത്തിലെ ഹെഡ്മാസ്റ്ററാ.. നീയൊന്നു പോയിക്കണ്ടാമതി… നിന്റെ കൊച്ചിനെ സാറവിടെ എങ്ങനെയെങ്കിലും ചേർത്തോളും”
“കൈമൾ സാർ” ആരാലും ബഹുമാനിക്കപ്പെടുന്ന വ്യക്തിപ്രഭാവം…
നാലഞ്ചു പുരയിടത്തിനപ്പുറമാണ് സാറിന്റെ വീട്.. നേരെനിന്ന് ഒരുവാക്കുപോലും ഇന്നേവരെ അമ്മ സംസാരിച്ചിട്ടില്ല.. ദൂരേന്നു കാണുമ്പോഴേ ഭയഭക്തി ബഹുമാനങ്ങളോടെ ഒതുങ്ങിനിൽക്കും…
“കൊച്ചേ…..നിന്റെ കെട്ടിയോനെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടോ..?”
അമ്മയെ കാണുമ്പോൾ സാറെപ്പോഴും ചോദിക്കുന്ന കുശല ചോദ്യം..!
“‘ഇല്ല..സാറേ.. ഒരു വിവരവുമില്ല.” നിർവികാരതയോടെഅമ്മയുടെ സ്ഥിരം മറുപടി..!
തന്നെ പ്രസവിച്ച് തൊണ്ണൂറു ദിവസം തികയുന്മുന്നേ, ആരോടും ഒന്നും പറയാതെ ഒരു രാത്രിയിൽ ഇരുളിലൂടെ എവിടേക്കോ നടന്നുപോയ തന്റെ അച്ഛൻ…
അച്ഛന്റെ രൂപം തന്റെ കുഞ്ഞുമനസ്സിൽ പതിയുന്നതിൻ മുന്നേ…! തന്റെ അച്ഛൻ ആരേപ്പോലിരിക്കും..? രാജനമ്മാവനെ പോലെയോ?.. “അമ്മേടെ ഒരേ ഒരാങ്ങളയാണു രാജമ്മാവൻ..
അന്നു വൈകുന്നേരംതന്നെ അമ്മ കൈമളുസിറിനെ കാണാൻ പോയി… “എന്റെ കുഞ്ഞിനെ സ്‌കൂളിൽ ചേർക്കണം… സാറേ… അവൾക്കതിനുളള പ്രായമായമൊന്നുമായിട്ടില്ല… സാറു വിചാരിച്ചാൽ…. സഹായിക്കണം…” അമ്മയനുഭവിക്കുന്ന ദുരിതവും കഷ്ടപ്പാടുകളും ഏറെക്കുറെയൊക്കെ സാറിന് അറിയാവുന്നതുകൊണ്ടുകൂടിയാവും സാർ പറഞ്ഞു.
“അത് സാരമില്ല… ഞാൻ ചേർത്തോളാം…. എന്താ നിന്റെ കൊച്ചിന്റെ പേര്?’
”തങ്കമണി… അവടപ്പന്റെ പേര് രാധാകൃഷ്ണൻ എന്നെങ്ങാണ്ടല്ലാരുന്നോ…?’
”ആരുന്നു സാറേ.”
“സ്‌ളേറ്റും പുസ്തകോം വാങ്ങിച്ചോ നീയ്.”
“വാങ്ങിച്ചോളാം സാറേ..”
“ഇവിടെങ്ങാണ്ട് ഒരു കേരളപാഠാവലിയിരിപ്പുണ്ടായിരുന്നു… നോക്കട്ടെ….നാളെ നീ കൊച്ചിനേം കൊണ്ടു സ്‌കൂളിലോട്ടു പോര്..”
ജഗദമ്മായി ഒരു പഴയ സ്‌ളേറ്റ് എവിടുന്നോ തപ്പിയെടുത്തു കൊണ്ടു വന്നു… തന്റെ കുഞ്ഞ് അമ്പലത്തി പളളിക്കൂടത്തിന്റെ ചവിട്ടുപടി കയറാൻ പോകുന്നു..
‘‘കുഞ്ഞിനെ ഡാൻസു കളിക്കാനും പാട്ടുപാടാനുമൊക്കെ പഠിപ്പിക്കുന്ന സ്‌കൂളാണിത്…. കളിക്കാനും വിടും…. ഒത്തിരി കൂട്ടുകാരേം കിട്ടും.. പിന്നെ ഉച്ചക്ക് വിശക്കുമ്പോൾ നല്ല ഉപ്പുമാവും തരും.. അമ്മേടെ മോൾക്കു പഠിച്ചു മിടുക്കത്തിയാവണ്ടേ.”
മുക്കാലും പുഴുതിന്ന പല്ലുകൾ പുറത്തുകാട്ടി താൻ ചിരിച്ചു.
അമ്മയുടെ ഒക്കത്തിരുന്ന്, കാറ്റാടിമരങ്ങളുടെ നടുവിലൂടെ പഞ്ചാരമണൽ വിരിയിട്ട പള്ളിക്കൂട മുറ്റത്തെത്തി. എളിയിൽ നിന്നും ഇറങ്ങി അമ്മേടെ കയ്യുംപിടിച്ചുകൊണ്ട് കൈമൾ സാറിരിക്കുന്ന മുറിയിലേക്ക്…
സാറ്, ഒരു നീളമുളള ബുക്കിൽ എന്തൊക്കെയോ എഴുതി അമ്മയെക്കൊണ്ട് ഒപ്പുമിടുവിച്ചു. ഒന്നാം പാഠം പുസ്തകവും സാറു തന്നു..
“നീ കൊച്ചിനെ ആ ക്ലാസിലോട്ടു കൊണ്ടിരുത്തിയിട്ടു പോക്കോളൂ…. ഉച്ചക്കു ബെല്ലടി കേൾക്കുമ്പോൾ വിളിക്കാൻ വന്നാൽ മതി….”
തന്റെ തലയിൽ സാറൊന്നു തലോടിയപോലെ….
ക്‌ളാസിലെ ചാരുബെഞ്ചിൽ തന്നെ ഇരുത്തിയിട്ട് പോകാൻ തുടങ്ങിയ അമ്മയെ അടങ്കം പിടിച്ചു ഞാൻ കാറി.
”എനിച്ചു പഠിച്ചണ്ടാ, എനിച്ചു ഉപ്പുമാ വേണ്ടാ.. എനിച്ചു തുമ്പിയെ പിടിച്ചാമയി. കുഴിയാനെ പിടിച്ചാ മയി…… എനിച്ചു. ജമ്മായീടെ ചോറും കൂട്ടാനും മയി..” കൈമൾ സാർ ഓടിവന്ന് ബലമായി തന്നെ പിടിച്ച് ബഞ്ചിൽ കൊണ്ടിരുത്തി.
”മിണ്ടിപ്പോകരുത്…” ചുണ്ടത്തു ചൂണ്ടുവിരൽ മുട്ടിച്ചു അദ്ദേഹം കണ്ണുരുട്ടി.. കയ്യിലിരുന്ന ചൂരൽവടി വായുവിൽ ഒന്നു പുളഞ്ഞു താണു…
ദേഹത്തു കൊണ്ടില്ല… കരച്ചിലും കാറലും അക്ഷണം അപ്രത്യക്ഷമായി.. ചുറ്റും തന്നെപ്പോലെ കുറേ കുട്ടികൾ. അവരാരും കരയുന്നില്ല….. ഒഴുകിയിറങ്ങിയ കണ്ണുനിർ ഉടുപ്പിന്റെ അറ്റംപൊക്കി തുടച്ചു.
എല്ലാർക്കും പുത്തനുടുപ്പാ… തനിക്കോ.. കണ്ണുനിർ പുറത്തുചാടാനാവാതെ ഉളളിൽക്കിടന്നു വിങ്ങി …അമ്മ അവിടെയെങ്ങാനും നിൽക്കുന്നുണ്ടാവുമോ.. തന്റെ കണ്ണുകൾ പുറത്തെ വെളിച്ചത്തിൽ ഉഴറിനടന്നു.
വീട്ടിൽ പോകാനുള്ള മണി മുഴക്കം.. എല്ലാ കുട്ടികളും ചാടിയിറങ്ങിയോടുന്നു… അമ്മ പടിക്കൽ നില്പുണ്ട്. അമ്മയെ കെട്ടിപ്പിടിച്ച് താൻ ഏങ്ങലടിച്ചു കരഞ്ഞു.. സങ്കടം പെയ്തുതീർക്കാൻ. ‘നിക്ക് കൂളിലു പോണ്ടാ….’‘ ആരുകേൾക്കാൻ.. എവിടെകേൾക്കാൻ… തന്റെ കരച്ചിലു വകവെക്കാതെ പിറ്റേദിവസവും തുടർന്നുളള ദിവസങ്ങളിലും കുളിപ്പിച്ചൊരുക്കി സ്‌കൂളിൽ കൊണ്ടിരുത്തി ഒരു മിന്നായംപോലെ അമ്മ മറഞ്ഞു കളയും..
ദിവസങ്ങൾ കടന്നുപൊക്കോണ്ടിരുന്നു. സ്‌കൂളിൽ പോകാതിരിക്കാനുളള തന്റെ അടവുകൾ ഒന്നും അമ്മയുടെ അടുത്ത് വിലപ്പോയില്ല… അങ്ങനെ ആദ്യ വർഷവും കഴിഞ്ഞു..
രണ്ടാം വർഷത്തിന്റെ ആദ്യനാളുകളിൽ ഒരു മടിയും കാണിക്കാതെ താൻ അമ്മയോടൊപ്പം വീട്ടീന്നിറങ്ങും സന്തോഷവതിയായിട്ട്, ഉന്മേഷവതിയായിട്ട്. ഉണ്ണിച്ചാന്നാരുടെ വീടിനടുത്തുവരെ മാത്രമേ അമ്മ കൂട്ടുവരൂ….. അവിടുന്നൊരു ചെറിയ വളവു കഴിഞ്ഞാൽ സ്‌കൂളായി… വാഹനങ്ങൾ ഓടുന്ന റോഡല്ല… വല്ലപ്പോഴും ഒന്നോ രണ്ടോ സൈക്കിൾ യാത്രക്കാർ കണ്ടേക്കും…
അമ്മയുടെ നിഴൽ വളവുകഴിഞ്ഞെന്നുറപ്പായാൽ താൻ പിന്തിരിഞ്ഞു നടക്കും….. ഉണ്ണിച്ചാന്നാരുടെ വീടിന്റെ നടവഴിയിൽ, ചെടികളുടെ മറവിൽ, നെല്ലിമരത്തിന്റെ ചുവട്ടിൽ, അനങ്ങാതെയിരിക്കും.. ഉച്ചക്ക് സ്‌കൂളിലെ ബെല്ലടി ശബ്ദം കേൾക്കുമ്പോൾ പതുക്കെ അവിടുന്നെഴുന്നേറ്റ് വീട്ടിലേക്ക് നടക്കും…
ഇതുതന്നെ ലാക്ക്.. ഉപ്പമാവു തിന്നാൻ പറ്റുന്നില്ലേലും. സ്വസ്ഥമായി.. ആകാശത്തെ മേഘസഞ്ചാരം നോക്കി, നിഴലുകൾക്കു നീളംവയ്ക്കുന്നതും, ചുരുങ്ങി ചെറതാവുന്നതും നോക്കി, പൂക്കളെ തേടിവരുന്ന പലതരം പൂമ്പാറ്റകളേയും കണ്ടുകൊണ്ട്. വെളളാരംകല്ലുകൾ പെറുക്കിക്കൂട്ടി എറിഞ്ഞു കളിച്ചുമങ്ങനെ നാലഞ്ച് നാളുകൾ കടന്നുപോയി.
“നിന്റെ കൊച്ചിന്റെ പഠിപ്പു നിർത്തിയോ രാധക്കൊച്ചേ…” കൈമൾ സാർ ഒരു ദിവസം യാദൃശ്ചികമായി അമ്മയെ കണ്ടപ്പോൾ ചോദിച്ചു…
‘ഇല്ല സാറേ..അവളെ എന്നും ഞാൻ ഉണ്ണിച്ചാന്നാരുടെ വിടിനടുത്തുവരെ കൊണ്ടുചെന്നുവിടാറുണ്ട്.. ഉച്ചക്ക് കൂട്ടുകാരോടൊപ്പമാ അവളു തിരിച്ചു വരുന്നത്…. ഇന്നലത്തെ പരീക്ഷയിൽ പത്തിൽ എട്ടു മാർക്ക് കിട്ടിയത് എന്നെക്കൊണ്ടുവന്നു കാണിച്ചാരുന്നു..”
‘നിന്റെ മോൾ സ്‌കൂളിന്റെ ഏഴയലത്തുപോലും വന്നിട്ട് ദിവസങ്ങളായി… പിന്നല്ലേ പരീക്ഷ എഴുതുന്നതും മാർക്ക് വാങ്ങുന്നതും.’ കൈമൾ സാർ കൂടുതലൊന്നും പറയാൻ നില്ക്കാതെ തിരക്കിട്ടു മുന്നോട്ടു നടന്നുപോയി..
ഒരു ചോക്കു കഷണം എവിടെയോ കിടന്നു കിട്ടിയതു തന്റെ കയ്യിലുണ്ടായിരുന്നു. പത്തിൽ എട്ടു മാർക്ക് എന്നു സ്‌ളേറ്റിലെഴുതി..
താൻ സ്‌കൂളിൽ പോകുന്നുണ്ടെന്നും, പഠിക്കുന്നുണ്ടെന്നും അമ്മയെ വിശ്വസിപ്പിക്കാനുളള ശ്രമം പാളിപ്പോയതിനു അന്നു കിട്ടിയ അടിയുടെ ചൂട്….. “കള്ളത്തരം കാണിക്കാൻ ഇത്ര കുഞ്ഞിലേ നീ എവിടുന്നാടീ പഠിച്ചത്? “ അമ്മയുടെ ഉറക്കെയുളള ശകാരം…. ഒപ്പം മുറ്റത്തെ ചെമ്പരത്തിക്കമ്പു വെട്ടി തേരാപ്പാരാ തുടയ്ക്ക് മൂന്നാലടിയും.. അമ്മയും കരയുന്നുണ്ടായിരുന്നു….
ആരുടേയും അനുവാദം കാത്തുനിൽക്കാതെ. കാലം അതിന്റെ ഒഴുക്കു തുടർന്നു…. അന്നത്തെ ആ അടിയുടെ വേദന… പുളച്ചിൽ.. അലറിവിളിച്ചുള്ള കരച്ചിൽ…. തന്റെ ഓർമ്മകളിൽ ഇടയ്ക്കിടെ പ്രതിധ്വനിക്കാറുണ്ട്…
പള്ളിക്കൂടത്തിൽ പോകാൻ മടികാണിച്ച അന്നത്തെ കുട്ടി ഇന്ന് അക്ഷരങ്ങളെ സ്‌നേഹിച്ച്, അതിനെ ആത്മാവിൽ ആവാഹിച്ച് കൊണ്ടുനടക്കുന്നു…
ജി. രമണി അമ്മാൾ