ഇസ്ലാമബാദ്: 1972-ലെ ഷിംല കരാർ ‘ജീവനില്ലാത്ത രേഖ’യാണെന്ന് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വിശേഷിപ്പിച്ചതിന് പിന്നാലെ തിരുത്തലുമായി പാക് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുമായുള്ള ഏതെങ്കിലും ഉഭയകക്ഷി കരാർ റദ്ദാക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
2019-ൽ 370-ാം അനുച്ഛേദം റദ്ദാക്കിയത് ഉൾപ്പെടെ ഇന്ത്യയുടെ ഏകപക്ഷീയമായ നടപടികൾ ഷിംല കരാറിനെ അപ്രസക്തമാക്കിയെന്ന് ആസിഫ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഷിംല കരാർ ഇപ്പോൾ ജീവനില്ലാത്ത രേഖയാണ്. ഐക്യരാഷ്ട്രസഭ നിയന്ത്രണ രേഖയെ വെടിനിർത്തൽ രേഖയായി പ്രഖ്യാപിച്ച 1948-ലെ സ്ഥിതിയിലേക്ക് തങ്ങൾ തിരിച്ചെത്തിയിരിക്കുന്നുവെന്നും ആസിഫ് പറഞ്ഞു. കരാർ വിഭാവനം ചെയ്ത ഉഭയകക്ഷി ഘടന തകർന്നെന്നും ഭാവിയിലെ തർക്കങ്ങൾ അന്താരാഷ്ട്ര സംവിധാനങ്ങളിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ആസിഫിന്റെ വിവാദ പരാമർശങ്ങൾ ഉണ്ടായത്.
എന്നാൽ, തൊട്ടടുത്ത ദിവസംതന്നെ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ ആസിഫിന്റെ പ്രസ്താവനയെ എതിർത്തു രംഗത്തുവന്നു. ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ തിരിച്ചടി ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇസ്ലാമാബാദിൽ ആഭ്യന്തര ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. എങ്കിലും നിലവിൽ ഏതെങ്കിലും ഉഭയകക്ഷി കരാർ അവസാനിപ്പിക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ വേഗത്തിലുള്ള ഇടപെടൽ കൂടുതൽ നയതന്ത്ര സങ്കീർണതകൾ ഒഴിവാക്കാനുള്ള ശ്രമമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.



