കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി. ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകൾ. ഗ്രീഷ്മ ചെയ്തതു സമർഥമായ കൊലപാതകം. ആന്തരികാവയവങ്ങൾ അഴുകിയാണു ഷാരോൺ മരിച്ചതെന്നും ചൂണ്ടിക്കാട്ടിയാണു പ്രതിക്കു കോടതി പരമാവധി ശിക്ഷ വിധിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർക്ക് 3 വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള വിധിയാണ് കോടതി വായിച്ചത്.
വിധി പ്രസ്താവത്തിനിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ കേസ് അതിസമര്‍ത്ഥമായി അന്വേഷിച്ചു. പൊലീസിന് അഭിമാനിക്കാം. അന്വേഷണ സംഘത്തിനും പ്രത്യേക അഭിനന്ദനം. മീഡിയ നോക്കിയല്ല മെറിറ്റ് നോക്കിയാണ് വിധി പ്രസ്താവമെന്നും ജഡ്ജി പറഞ്ഞു. അതിവിദഗ്ധമായ കൊലയെന്നാണ് ജഡ്ജി നിരീക്ഷിച്ചത്.
ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം കേസ് അന്വേഷണത്തെ വഴിതിരിച്ചു വിടാനായിരുന്നു. ഘട്ടം ഘട്ടമായി കൊലപാതകം നടത്താനാണു പ്രതി ശ്രമിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണു ഗ്രീഷ്മ. ജൂസ് ചാലഞ്ച് നടത്തിയത് അതിനു തെളിവാണ്. നേരത്തേയും ഗ്രീഷ്മ വധശ്രമം നടത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിവാഹനിശ്ചയത്തിനുശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് തെളിഞ്ഞതായി കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. ഗ്രീഷ്മ നടത്തിയത് വിശ്വാസവഞ്ചന. മരണക്കിടക്കയിൽ കിടക്കുമ്പോഴും ഗ്രീഷ്മയെ ഷാരോൺ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടരുതെന്നാണു ഷാരോൺ ആഗ്രഹിച്ചത് എന്ന് വിധിന്യായത്തിൽ കോടതി പറഞ്ഞു. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാൻ ആകാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോൺ മർദ്ദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു.
ഷാരോണിന്റെ കാമുകിയായ ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (24), ഗ്രീഷ്മയുടെ അമ്മാവനും മൂന്നാംപ്രതിയുമായ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്നു കഴിഞ്ഞദിവസം നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 -ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 -ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു.