ഗ്രീഷ്മ ചെകുത്താന്റെ പ്രകൃതമുള്ള കൊടും കുറ്റവാളിയെന്ന് കോടതി ! ശിക്ഷയിൽ ഇളവ് വേണം തനിക്ക് പഠിക്കണമെന്നും എം എ ഡിസ്റ്റിംക്ഷൻ ഉൾപ്പെടെ വാങ്ങിയതാണെന്നും കോടതിയിൽ അറിയിച്ചപ്പോൾ എന്തിനാണ് പഠിക്കുന്നത് എന്ന് കോടതി ചോദിച്ചു.
കഷായത്തിൽ കീടനാശിനി കലർത്തി മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. കോടതി വിധിയിലെ അന്തിമ വാദത്തിന് ശേഷം ആയിരുന്നു വിധി തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.
ഒന്നാം പ്രതി കാമുകി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ, അമ്മാവനും മൂന്നാം പ്രതിയുമായ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്ന് നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ഇന്നലെ വിധിച്ചിരുന്നു.
തെളിവുകളുടെ അഭാവത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. ഷാരോൺ മരിച്ച് രണ്ട് വർഷം കഴിയുമ്പോഴാണ് കേസിൽ വിചാരണ പൂർത്തിയാക്കി നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കുന്നത്.
നാലു വർഷമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് ഷാരോണിനെ ബന്ധത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഷാരോൺ പിൻമാറാൻ തയ്യാറായില്ല. ഷാരോണിനെ 2022 ഒക്ടോബർ 14-നു ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകിയതായാണു കേസ്.
ഗ്രീഷ്മയുമായി കണ്ടുമുട്ടി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഛർദ്ദിച്ച് അവശനായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഷാരോൺ ഒക്ടോബർ 25-ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചു.
വാർത്ത: ലാലു കോനാടിൽ