അഭ്രപാളിയിലെ നിത്യവിസ്മയമായ മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാൾ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ഗംഭീരവിജയം നേടിയ ‘എമ്പുരാന്‍’, ‘തുടരും’ സിനിമകളിലൂടെ തുടര്‍ച്ചയായി 200 കോടി കളക്ഷന്‍ നേടി മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വിസ്മയിപ്പിക്കുകയാണ്. അടുത്തതായി വിഷ്ണു മഞ്ചു നായകനായെത്തുന്ന പാന്‍- ഇന്ത്യന്‍ ചിത്രം ‘കണ്ണപ്പ’യാണ് അദ്ദേഹത്തിന്റേതായി ഇറങ്ങാനൊരുങ്ങുന്ന ചിത്രം.
പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട്, ജൂണ്‍ 27-ന് ലോകമെമ്പാടും ഗംഭീരമായ റിലീസിനായി ഒരുങ്ങുന്ന ‘കണ്ണപ്പ’യെ കുറിച്ചുള്ള ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശക്തവും തീവ്രവുമായ, ഏവരേയും അതിശയിപ്പിക്കുന്ന മോഹന്‍ലാലിന്റെ ദൃശ്യങ്ങളാണ് ചിത്രത്തിലേതായി ‘കണ്ണപ്പ’യുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മാസ്മരികമായ പശ്ചാത്തല സംഗീതത്തോടെ എത്തിയിരിക്കുന്ന ഈ ഹ്രസ്വവീഡിയോ ഏവരിലും ആകാംക്ഷ ഉണര്‍ത്തിയിരിക്കുകകയാണ്.
ഒരു ഇതിഹാസ കഥാപാത്രമായ കിരാത എന്ന വേഷമാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിവിധ ഭാഷകളിലെ ആരാധകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായെത്തുന്ന ‘കണ്ണപ്പ’ എന്ന ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ്കുമാർ, മോഹൻകുമാർ, ശരത്‌കുമാർ, കാജൾ അഗർവാൾ തുടങ്ങിയ വമ്പൻ താരനിര ഒരുമിക്കുകയാണ്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂൺ 27-നാണ് റിലീസിനെത്തുന്നത്.
തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. മഞ്ഞിൽവിരിഞ്ഞപൂക്കളിലൂടെ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഭരതം, കമലദളം, ദേവാസുരം,വാനപ്രസ്ഥം നടനവൈഭവത്തിൻറെ എത്രയെത്ര മുഹൂർത്തങ്ങൾ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ദേശീയ പുരസ്‌കാരങ്ങൾ, സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങൾ. സിനിമയിൽ തലമുറകൾ മാറിമാറി വരുമ്പോഴും ലാൽ തന്റെ യാത്ര തുടരുകയാണ്.