Monday, September 1, 2025
Mantis Partners Sydney
Home » മെസിയുടെ അര്‍ജന്‍റീന കേരളത്തിലെത്തും, മത്സരം ഒക്ടോബറില്‍
മെസിയുടെ അര്‍ജന്‍റീന കേരളത്തിലെത്തും

മെസിയുടെ അര്‍ജന്‍റീന കേരളത്തിലെത്തും, മത്സരം ഒക്ടോബറില്‍

by Editor

കൊച്ചി: നായകന്‍ ലിയോണല്‍ മെസി നയിക്കുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീം ഒക്ടോബറില്‍ കേരളത്തിലെത്തും. കൊച്ചിയിലായിരിക്കും മത്സരമെന്ന് പ്രധാന സ്പോണ്‍സര്‍മാരായ എച്ച് എസ് ബി സി അറിയിച്ചു. ‘ഈ പങ്കാളിത്തത്തിന് കീഴിൽ മെസി ഉൾപ്പെടുന്ന അർജൻ്റീന ദേശീയ ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ ഇന്ത്യയിലെത്തി ഒരു അന്താരാഷ്ട്ര പ്രദർശന മത്സരം കളിക്കും’- എച്ച്എസ്ബിസി പ്രസ്താവനയിൽ വ്യക്തമാക്കി.

2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കേ, ഈ വർഷം ഇന്ത്യയിലും സിങ്കപ്പൂരിലുമായി നടക്കേണ്ട മത്സരങ്ങളുമായി ബന്ധപ്പെട്ട ഒരു വർഷ പങ്കാളിത്ത കരാർ അർജന്റീന ഫുട്ബോൾ അസോസിയേഷനും (എഎഫ്എ) എച്ച്എസ്ബിസിയും ചേർന്ന് പ്രഖ്യാപിച്ചു.

അർജന്റീനാ ടീം കേരളത്തിലെത്തുമെന്നും രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കഴിഞ്ഞ നവംബറിൽ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാൻ അറിയിച്ചിരുന്നു.

2011-ലാണ് ഇതിന് മുമ്പ് അര്‍ജന്‍റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡ‍ിയത്തിൽ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്‍റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ജന്‍റീനയുടെ എതിരാളികള്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിദേശ ടീമിനെ തന്നെ എതിരാളികളാക്കാനാണ് ആലോചിക്കുന്നത്.

ഇന്നലെ നടന്ന ലാറ്റിനമേരിക്കൻ ഗ്രൂപ്പ് ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന 2026ലെ ഫുട്ബോള്‍ ലോകകപ്പിന് യോ​ഗ്യത ഉറപ്പാക്കിയിരുന്നു. ഒന്നിനെതിരെ നാല് ​ഗോളുകൾക്കായിരുന്നു അർജന്‍റീനയുടെ വിജയം. സൂപ്പർ താരം ലിയോണൽ മെസി ഇല്ലാതെ ഇറങ്ങിയിട്ടും സർവാധിപത്യം പുലർത്തിയാണ് അർജന്റീന ജയിച്ചു കയറിയത്.

Send your news and Advertisements

You may also like

error: Content is protected !!