Mantis Partners Sydney
Thursday, March 5, 2026
Mantis Partners Sydney
Home » പി ജയചന്ദ്രന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു.
പി ജയചന്ദ്രന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

പി ജയചന്ദ്രന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു.

by Editor
Send your news and Advertisements

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രൻ ആലപിച്ചതെല്ലാം അനുവാചകൻ്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചത്.

സമാനതകൾ ഇല്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രൻ്റെ ഗാനാലാപനത്തെ സമകാലീനരിൽ നിന്ന് വേറിട്ട് നിർത്തിയത്. ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിൽ അസാമാന്യമായ സംഭാവനകൾ നൽകിയ ഗായകനായി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തും. മലയാള ഭാഷതൻ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. തലമുറകളുടെ ഹൃദയം കവർന്ന നാദ വിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്. മലയാള സംഗീത ലോകത്തിനും ചലചിത്ര സംഗീത ലോകത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് ജയചന്ദ്രൻ്റെ വേർപാട് കൊണ്ട് ഉണ്ടായിരിക്കുന്നത്.

പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രൻ വിട പറയുമ്പോൾ, ആ സ്മരണകൾക്കും ഗാനവീചികൾക്കും മരണമില്ല എന്ന് തന്നെ പറയാനാവും. ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തെ ദുഖം അറിയിക്കുന്നു. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തിൽ പങ്ക് ചേരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ കുറിച്ചു.

മലയാളി വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്ന്. കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം. പ്രായമേ നിങ്ങള്‍ക്ക് തളര്‍ത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദം. പാട്ടിന്റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനിലക്കുന്ന ഓര്‍മ്മകളായി പി ജയചന്ദ്രന്‍ മടങ്ങുന്നു. ഭാവദീപ്തിയുടെ സ്വരമാധുര്യംനിലച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഫേയ്സ്ബുക്കിൽ കുറിച്ചു.

You may also like

error: Content is protected !!