Thursday, July 31, 2025
Mantis Partners Sydney
Home » ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5-ന്, വോട്ടെണ്ണൽ 8-ന്
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5-ന്, വോട്ടെണ്ണൽ 8-ന്

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5-ന്, വോട്ടെണ്ണൽ 8-ന്

by Editor

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5-ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും. 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 13,033 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാവുക.

നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും. ഇന്നലെ പുറത്തുവന്ന കണക്ക് പ്രകാരം ദില്ലിയിൽ 1.55 കോടി വോട്ട‍ർമാരാണ് ഉള്ളത്. 84,49,645 പുരുഷ വോട്ടര്‍മാരും, 71,73,952 സ്ത്രീ വോട്ടര്‍മാരും. കഴിഞ്ഞ തവണ ഫെബ്രുവരി 8നായിരുന്നു തെരഞ്ഞെടുപ്പ്. 11 ന് വോട്ടെണ്ണല്‍ നടന്നു. 16ന് രണ്ടാം കെജ്രിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റു. 62.82 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 70ല്‍ 63 സീറ്റുകള്‍ ആംആദ്മി പാര്‍ട്ടിയും ഏഴ് സീറ്റ് ബിജെപിയും നേടി.

മദ്യനയ അഴിമതി കേസടക്കം സജീവ ചര്‍ച്ചയാകുന്ന പ്രതികൂല സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടി മൂന്നാമതും അധികാരം പിടിക്കുമോ എന്നതിലാണ് ആകാംക്ഷ. 100 കോടിയുടെ ദില്ലി മദ്യനയ അഴിമതിയും, 46 കോടിയുടെ വസതി മോടിപിടിപ്പിക്കലും അരവിന്ദ് കെജ്രിവാളിനും, ആംആദ്മി പാര്‍ട്ടിക്കുമെതിരെ ബിജെപി ശക്തമായി ഉന്നയിക്കുന്നു.

അഴിമതി ആരോപണത്തെ മറികടക്കാന്‍ പതിവ് പോലെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് പിടിച്ചു നില്‍ക്കാനാണ് ആംആദ്മി പാര്‍ട്ടിയുടെ ശ്രമം. നിലവിലെ ക്ഷേമ പദ്ധതികള്‍ തുടരുന്നതിനൊപ്പം എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 2100 രൂപ വാഗ്ദാനം ചെയ്യുന്ന മഹിള സമ്മാന്‍ യോജന, 60 വയസിന് മുകളിലുള്ളവര്‍ക്കായി സൗജന്യ ആരോഗ്യ പദ്ധതിയായ സഞ്ജീവനി യോജന തുടങ്ങിയ പദ്ധതികളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.

കര്‍ണ്ണാടക, ഹിമാചല്‍ മോഡലില്‍ പ്യാരി ദീദി യോജന പ്രഖ്യാപിച്ച് 2500 രൂപ സ്ത്രീകള്‍ക്കായി കോണ്‍ഗ്രസും വാഗ്ദാനം ചെയ്യുന്നു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് ഡിപിസിസിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പദ്ധതി പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്ക് മാസം 2100 രൂപ വീതം നല്‍കുമെന്ന എഎപിയുടെ വാഗ്ദാനത്തെ കടത്തി വെട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നേരിട്ട് 12,200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച്‌ ആണ് ബി ജെ പി പ്രചാരണം കൊഴുപ്പിക്കുന്നത്‌.

Delhi Election: More Details >>

 

Send your news and Advertisements

You may also like

error: Content is protected !!