ജറുസലം: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചെന്ന് യുഎസ്. ഹമാസുമായുളള വെടിനിര്‍ത്തലിന് അമേരിക്കയുടെ മധ്യസ്ഥതയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനുളള നിര്‍ദേശമാണ് ഇസ്രായേല്‍ അംഗീകരിച്ചത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റാണ് ഇക്കാര്യം അറിയിച്ചത്. ഹമാസ് ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. വെടിനിർത്തൽ നിലവിൽ വന്നാൽ ഗാസയിലെ സൈനികരെ ഘട്ടംഘട്ടമായി പിൻവലിക്കും.
യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ പദ്ധതിരേഖ തയാറാക്കിയിട്ടുണ്ട്. പദ്ധതിരേഖ പ്രകാരം വെടിനിർത്തലിന്റെ ആദ്യ ആഴ്ച 58 ബന്ദികളിൽ 28 പേരെ ഹമാസ് വിടും. പകരം 1236 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. കരാർ ഒപ്പുവച്ചാലുടൻ ഗാസയിൽ സഹായങ്ങളെത്തിക്കും. ഐക്യരാഷ്ട്ര സംഘടനയുടെയും റെഡ് ക്രസന്റിന്റെയും നേതൃത്വത്തിലായിരിക്കും ഇതിന്റെ വിതരണം.
ഇസ്രയേലിന്റെ തുടർനീക്കങ്ങൾ വിലയിരുത്തുകയാണെന്ന് ഹമാസ് പ്രതികരിച്ചു. ശാശ്വതമായ വെടിനിര്‍ത്തല്‍, ഗാസയില്‍ ഇസ്രായേലിന്റെ പൂര്‍ണമായ പിന്‍വാങ്ങല്‍, ഒരു സ്വതന്ത്ര പലസ്തീന്‍ സംഘടനയ്ക്ക് പ്രദേശത്തിന്റെ നിയന്ത്രണം കൈമാറല്‍ തുടങ്ങിയ ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ടുവയ്ക്കുന്നത്.
അതിനിടെ, അധിനിവേശ വെസ്റ്റ്ബാങ്കിൽ മൂന്ന് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ കുടിയേറ്റവിപുലീകരണം നടത്താനുള്ള പദ്ധതിക്ക് ഇസ്രയേൽ സർക്കാർ അംഗീകാരം നൽകി. പുതുതായി 22 ജൂതകുടിയേറ്റകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിട്ടുള്ളത്. സർക്കാർ അനുമതിയില്ലാതെ ഇതിനോടകം ഔട്ട്പോസ്റ്റുകളായി നിർമിച്ചിട്ടുള്ള കുടിയേറ്റകേന്ദ്രങ്ങളും പദ്ധതിയിലൂടെ നിയമാനുസൃതമാക്കും. ഗാസയിലെ മാനുഷികപ്രതിസന്ധിയുടെ പേരിൽ ഇസ്രയേലിനോടുള്ള നിലപാട് കടുപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ യൂറോപ്യൻ രാജ്യങ്ങളോടാവശ്യപ്പെട്ടതിനെ ഇസ്രയേൽ അപലപിച്ചു.