ഞാണ്ടൂർകോണത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ദമ്പതികൾമരിച്ചു. അപകടത്തിൽ രണ്ടു യുവാക്കൾക്കു ഗുരുതരമായി പരുക്കേറ്റു. അയിരൂപ്പാറ അരുവിക്കരക്കോണം വിദ്യാ ഭവനിൽ ദിലീപ് (40), ഭാര്യ നീതു(30) എന്നിവരാണു മരിച്ചത്. പോത്തൻകോട് പ്ലാമൂട് ചെറുകോണം സ്വദേശി സച്ചു (23), കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവർക്കാണു പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ നില അതീവഗുരുതരമാണ്. ഇന്നലെ രാത്രി 8.45ന് ഞാണ്ടൂർക്കോണം മേലെമുക്കിലായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച ബൈക്ക് അമിതവേഗത്തിൽ ദമ്പതിമാർ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
തൃശൂര്‍ ചാലക്കുടി പോട്ടയില്‍ ബൈക്ക് അപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. പെരുമ്പാവൂര്‍ പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് (32), സജീഷ് (25) എന്നിവരാണു മരിച്ചത്. കുടുംബസംഗമത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ പുലര്‍ച്ചെ അഞ്ചിനാണ് അപകടം. ദേശീയപാതയില്‍ ദിശാക്കുറ്റിയിലും ഡിവൈഡറിലും ഇടിച്ചാണ് അപകടം. പിന്നാലെ വന്ന വാഹനങ്ങളിലുള്ളവര്‍ ആംബുലന്‍സ് വിളിച്ച് ഇരുവരേയും ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.