ഓപ്പറേഷൻ സിന്ദൂരിൽ ജെയ്ഷെ നേതാവും കാണ്ഡഹാർ വിമാനറാഞ്ചലിലെ പ്രധാനിയുമായിരുന്ന അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജെയ്ഷെ സ്ഥാപകൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൽ റൗഫ് അസർ. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് കൊടുംഭീകരൻ കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം ബഹവൽപൂരിൽ നടന്ന തിരിച്ചടിയിലാണ് റൗഫ് അസർ കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം മറ്റ് 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ ഉള്ളത്. ഇക്കാര്യം ജെയ്ഷെ നേതൃത്വം സ്ഥിരീകരിച്ചു.
ഐസി-814 വിമാന റാഞ്ചലിന്റെ സൂത്രധാരനാണ്. ബഹാവൽപൂരിൽ നടന്ന ആക്രമണത്തിൽ മസൂദ് അസ്ഹറിന്റെ സഹോദരിയും സഹോദരീഭർത്താവുമുൾപ്പെടെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി ഇന്നലെ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇത് ജെയ്ഷെ മുഹമ്മദും സ്ഥിരീകരിച്ചിരുന്നു.
ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ രാജ്യത്തെ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം അവസാനിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലാണ് സര്‍വ്വകക്ഷിയോഗം നടന്നത്. കഴിഞ്ഞ 36 മണിക്കൂറിലെ രാജ്യത്തിന്റെ സാഹചര്യം രാജ്നാഥ് സിംഗ് പാര്‍ട്ടികളോട് വിശദീകരിച്ചു. 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ അറിയിച്ചു. ഇന്ത്യയുടെ ലക്ഷ്യം പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം മന്ത്രിമാര്‍ യോഗത്തില്‍ അറിയിച്ചു. സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.



