പാട്ടും നൃത്തവും ആകാശത്ത് വർണ്ണക്കാഴ്ചകളുടെ വിസ്മയം തീർത്ത വെടിക്കെട്ടുകളുമായി ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും പുതുവർഷത്തെ വരവേറ്റു. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, കോവളം തുടങ്ങി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ വലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്. ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോട്ടയത്തും കോഴിക്കോടും ഉൾപ്പെടെ വലിയ ആഘോഷമായിരുന്നു നടന്നത്. 12 മണിയെത്തിയപ്പോൾ പോയ വർഷത്തെ സങ്കടങ്ങൾ വെളി മൈതാനത്ത് ഒരുക്കിയ പാപ്പാഞ്ഞിക്കൊപ്പം എരിഞ്ഞടങ്ങി. ഫോർട്ട്കൊച്ചി പരേഡ് മൈതാനത്ത് ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കാത്തതിനാൽ വെളി മൈതാനമാണ് ആഘോഷത്തിന്റെ കേന്ദ്രമായത്. മുംബൈയിലും ഗോവയിലും ബംഗലൂരുവിലുമടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വലിയ ആഘോഷങ്ങളാണ് നടന്നത്.
ഇന്ത്യയിൽ പുതുവർഷം പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപേ ജപ്പാനിലും ഓസ്ട്രേലിയയിലും സിംഗപ്പൂരിലുമടക്കം പുതുവർഷം പിറന്നിരുന്നു. വമ്പൻ കരിമരുന്ന് പ്രയോഗങ്ങളോടെയാണ് സിഡ്നിയടക്കമുളള നഗരങ്ങൾ പുതുവർഷത്തെ വരവേറ്റത്. പുതുവത്സരത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ ആയിരുന്നു ദ്വീപിലെ ആഘോഷം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30-ന് ആണ് കിരിബാസിലെ ക്രിസ്മസ് ദ്വീപിൽ പുതുവർഷം പിറന്നത്. അമേരിക്കയിലെ ബേക്കർ ഐലണ്ടിലും ഹൗലൻഡ് ഐലണ്ടിലുമാണ് ഏറ്റവുമൊടുവിൽ പുതുവത്സരമെത്തുന്നത്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കു മാത്രമേ അവിടെ പുതുവർഷമെത്തൂ.
മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തുടങ്ങിയ നേതാക്കള്‍ ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു.
പുതുവർഷ ആശംസകൾ നേർന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും മുഖ്യമന്ത്രിയും.
എല്ലാ ഭാരതീയർക്കും പുതുവർഷ ആശംസകൾ നേർന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. രാജ്യത്തും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും പുതുവർഷ ആശംസകൾ നേരുന്നതായി രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. പുതിയ വർഷം പുതിയ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പുതിയ അഭിലാഷങ്ങളുടെയും തുടക്കമാകട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റാനായി നവ ഊർജ്ജത്തോടെ മുന്നോട്ടു കുതിക്കാനുള്ള അവസരം കൂടിയാണ് പുതുവർഷം നൽകുന്നതെന്ന് രാഷ്ട്രപതി ഓർമ്മിപ്പിച്ചു.
വികസിത് ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ഘട്ടത്തിൽ നമ്മുടെ ഭരണഘടനാ നിർമാതാക്കളുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ വേണ്ടി സ്വയം സമർപ്പിക്കേണ്ട സമയമാണിതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശംസാ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സുസ്ഥിര ഭാവി കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയാണ് വേണ്ടതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സാമൂഹികസൗഹാർദ്ദവും സ്വാശ്രയത്വവും പൗരധർമ്മവും സംബന്ധിച്ച നമ്മുടെ പ്രതിജ്ഞ പുതുക്കേണ്ട സമയമാണ് പുതുവർഷമെന്നും ജഗ്ദീപ് ധൻകർ ആശംസാ സന്ദേശത്തിൽ പറഞ്ഞു.
പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തൻ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേൽക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ജാതിമതവർഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവർഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും. ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂർണ്ണമാക്കാനുള്ള ഊർജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോർത്തു മുന്നോട്ടു പോകാം. പുതുവർഷം സന്തോഷത്താൽ പ്രശോഭിതമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ പുതുവൽസരാശംസകൾ! ‘



