Thursday, July 31, 2025
Mantis Partners Sydney
Home » അവൾ അനാമിക
അവൾ അനാമിക

അവൾ അനാമിക

കഥ

by Editor

ഇതൊരു കഥയല്ല: അകാലത്തിൽ പൊലിഞ്ഞുപോയ ഒരു ജീവിതഗന്ധമാണ്

“ഞാൻ നിന്റെ മുൻപിൽ തോറ്റുപോയ്  അനാമികാ… എനിക്കു നിന്നെ രക്ഷിക്കാനായില്ല. മാപ്പു ചോദിക്കുന്നു  നിരുപാധികം….”

രാവിലെ കണ്ണുതുറന്നതും ഫോണെടുത്തുനോക്കി 5.50. ഒരു പത്തുമിനിറ്റുകൂടി കണ്ണടച്ചു കിടക്കാമെന്നു കരുതിയപ്പോഴാണു പമ്മിയുടെ മെസ്സേജ് കണ്ടത് .

“Anamika is no more. Yesterday she jumped off from the Adayar Bridge, By the way, her actual name is not Anamika. Please read page 3 of the Hindu Newspaper.”

പത്രമെടുത്തു വായിക്കാൻ തോന്നിയില്ല. അവളേക്കുറിച്ച് എനിക്കറിയുന്നതിലും കൂടുതൽ പത്രക്കാരെക്കെന്തെഴുതാൻ ? എന്തു പേരിൽ അറിയപ്പെട്ടാലെന്താ, എൻ്റെ മനസ്സിൽ അവൾ അനാമികയാണ്, ഒരു നോവാണ് … ഒരു നിസ്സഹായയായ പെൺകുട്ടി;

ഞാനും പമ്മിയും ആത്മഹത്യാ പ്രവണതയുള്ളവർക്കും, വിഷാദരോഗങ്ങളാൽ ക്ലേശിക്കുന്നവർക്കും വേണ്ടിയുള്ള ഒരു സംഘടനയിലെ  വോളന്റിയേർസ് ആണ്, തമ്മിൽ നേരിട്ടു കാണാതെ  ഫോൺവഴിയും കൗൺസിലിംഗിനു സൗകര്യമൊരുക്കുന്നിടം.  പമ്മി കുറേനാളായി അവിടെ, ഞാനൊരു അഞ്ചുവർഷക്കാലവുമായി.

അനാമികയുടെ ശബ്ദം എനിക്കു കഴിഞ്ഞ അഞ്ചുവർഷമായിട്ടു പരിചയമുളളതാണ്.

മൗനമുറങ്ങുന്ന താഴ്വരയിൽ ആത്മാവു നഷ്ടപെട്ടവളുടെ  ശബ്ദം. ആദ്യ ഫോൺവിളിയിൽത്തന്നെ ദിവസങ്ങളോളം എൻ്റെ ഉറക്കം നഷ്ടപെടുത്തിയവൾ. ട്രെയിനിംഗ് കാലഘട്ടത്തിൽ നിഷ്‌ക്കര്‍ഷമായി പറഞ്ഞിട്ടുണ്ട്, ഫോൺ വിളിക്കുന്നവരുമായി വൈകാരികമായി യാതൊരടുപ്പവും പാടില്ലെന്ന്.

എന്നിട്ടും അറിഞ്ഞോ അറിയാതെയോ അവളുമായി അടുത്തുപോയി. രാത്രിയുടെ യാമങ്ങളിൽ  അവളുടെ ശബ്ദമെന്നെ വിളിച്ചുണർത്തി. അനാമിക ഒരു ശബ്ദം മാത്രമല്ല, നേരിട്ടു കണ്ടിട്ടില്ലായെങ്കിലും ഒരു രൂപമുണ്ടാകുമല്ലോ ? അവളുടെ ആവലാതികളും തേങ്ങലുകളുമല്ലാം ആ രൂപത്തിൽ നിന്നല്ലേ വരുന്നത് ?

കേട്ടിരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു caller ആയിട്ടാണു  പലരും അവളെ കണ്ടത്. അവൾ പറയുന്നത്  പലതും ഹാലൂസിനേഷന്‍ ആയിട്ടാണ്  മറ്റുള്ളവർക്കു പലപ്പോഴും തോന്നിയിരുന്നതു.

പക്ഷെ, എനിക്കങ്ങനെയായിരുന്നില്ല, അവളുടെ തൊണ്ടയിൽ കിടന്നു വിങ്ങുന്ന തേങ്ങലുകൾ, അതവളുടെ  നിസ്സഹായതയുടെ, നോവുകളുടെ, ആത്മനൊമ്പരങ്ങളുടെ പ്രതിധ്വനികളായിരുന്നു.

കഴിഞ്ഞാഴ്ചയിലാണ് അവസാനമായി അവളുടെ സ്വരം കേട്ടത്.
“ഞാൻ, എന്നെ ഉപേക്ഷിക്കുകയാണ് ? ആർക്കു വേണ്ടി? എന്തിനു വേണ്ടി?,  ജീവിക്കണം?”
“നീ ഇത്ര ദൂരം നീ  വന്നില്ലേ?”
“എത്ര ദൂരം?”

എനിക്കതിനുത്തരല്ലായിരുന്നു.

“അവിവേകമൊന്നും കാണിക്കരുത്. മനസ്സു കൈവിട്ടുപോകുന്നുവെന്നു തോന്നുമ്പോൾ വിളിക്കണം. എന്നെ വിളിക്കാതെ ഒരു തീരുമാനവുമെടുക്കരുത് “ പതിവുപോലെ സത്യം ചെയ്തു വാങ്ങി.

കഴിഞ്ഞ അഞ്ചു വർഷം നിന്റെ  ശബ്ദത്തിൽകൂടി ഞാൻ നിന്നെ തിരിച്ചറിഞ്ഞു, കൂടെ സഞ്ചരിച്ചു. നിന്റെ വേദനകളെല്ലാമേറ്റുവാങ്ങി. അവസാനം നീയെന്നെ തോൽപ്പിച്ചുകളഞ്ഞല്ലോ കുട്ടി … നീ ജയിച്ചിരിക്കുന്നു, അല്ല മരണം ജയിച്ചു.

അനാമിക പറഞ്ഞ ഓരോ വാചകവും ഒരു സ്വനഗ്രാഹിയന്ത്രത്തിൽ നിന്നു വീണ്ടും വീണ്ടും കേൾക്കുന്നതുപോലെ …

പതിമൂന്നാമത്തെ വയസ്സിൽ അമ്മയെ നഷ്ടപെട്ട കുട്ടി, അന്ന് തുടങ്ങി അവളുടെ കഷ്ടകാലവും.
അവളെയും, എട്ടുവയസ്സുള്ള അനുജത്തിയേയും തനിച്ചാക്കി അമ്മ അര്‍ബുദത്തിനു മുന്നിൽ കീഴടങ്ങി. തീരെ ചെറിയ പ്രായത്തിൽ  കുടംബത്തിന്റെ ചുമതല അവളുടെ തലയിലായി.

അമ്മ മരിച്ചിട്ടൊരു  മൂന്നുമാസങ്ങൾക്കു ശേഷം,  ഒരു രാത്രിയിൽ
മദ്യപിച്ചു ലക്കുകെട്ടുവന്ന അച്ഛൻ…

അവിടെയായിരുന്നു തുടക്കം. അന്നയാൾ  അവൾക്ക് അപ്പനല്ലാതായി.
ആദ്യം കുറ്റബോധം, ക്ഷമ ചോദിക്കൽ,  പിന്നെ ഭീക്ഷണി, ഒരിക്കൽ അച്ഛമ്മയോടു ഈ വിവരം പറയാൻ നോക്കി. പക്ഷെ എങ്ങനെ തുടങ്ങണം എന്നറിയില്ല.

അച്ഛന് ഒരു ഭാര്യ വേണം, ഞങ്ങൾക്കൊരമ്മയും, ഒരു ത്യാഗിയുടെ കുപ്പായമെടുത്തണിഞ്ഞ അച്ഛൻ കല്യാണത്തിനു വഴങ്ങിയില്ല.

അച്ഛന്റെ  നിരന്തരമായ ആത്മഹത്യാ ഭീഷണി കാരണം രണ്ടാമതൊരു വിവാഹം  നടന്നില്ല.
കുടിക്കാത്ത ദിവസങ്ങളിൽ അയാൾ മാന്യനായ ഒരച്ഛൻ.

ഒന്നു, രണ്ടു പ്രാവശ്യം ക്ലാസ് ടീച്ചറിനോട് പറയാൻ തുടങ്ങിയതാണ്. പക്ഷെ അതിനും ധൈര്യമുണ്ടായില്ല.
പ്ലസ് ടു കഴിഞ്ഞപ്പോൾ പതിനെട്ടു വയസ്സ്,  അപ്പോൾ അനാമികക്കൊരു അൻപതുവയസ്സുകാരിയുടെ മനസ്സായിരുന്നു. തൻ്റെ ജീവിതമോ ഇങ്ങനെയായി, തന്റെ  അനുജത്തിയെ അയാളിൽനിന്നു സംരക്ഷിക്കണം.

കോളേജിൽ പഠിക്കുന്ന സമയം, കൂട്ടുകാരിയുടെ സഹായത്തോടെ അച്ഛനെ കൊല്ലാനൊരു ശ്രമം നടത്തി. ഭക്ഷണത്തിൽ വിഷം കലർത്തി. പക്ഷെ, അയാൾ രക്ഷപെട്ടു.

പതുക്കെപ്പതുക്കെ എല്ലാവരുടെയും മുൻപിൽ അവളൊരു ഭ്രാന്തചിത്തയായി.

“മര്യാദക്ക് ഇവിടെ കഴിഞ്ഞാൽ നിന്നെ ഞാൻ ഭ്രാന്തലയത്തിലാക്കില്ല.” തുടർച്ചയായ ഭീക്ഷണി. എല്ലാം ഉള്ളിലൊതുക്കി വിങ്ങിപൊട്ടുമ്പോൾ അറിയാതെ അവൾ ഭ്രാന്തിയായി. വിളിച്ചു പറഞ്ഞതും, കരഞ്ഞതും എല്ലാം ഭ്രാന്തിന്റെ ലക്ഷണങ്ങൾ മാത്രം. മനോരോഗാശുപത്രി, അവിടേക്കു  പോകാനുളള മടികൊണ്ടല്ല,  അനുജത്തിയെ ആരു നോക്കും?

താൻ പോയാൽ അച്ഛൻ  അനുജത്തിയെ ഉപദ്രവിച്ചാലോ?

കോളേജ് പഠിത്തം  തീർന്നതും, അവൾക്കൊരു കാൾസെന്ററിൽ ജോലി കിട്ടി. അനുജത്തിയേയും കൂട്ടി ഒരു ഫ്ലാറ്റിലേക്ക് മാറാൻ അവൾ തയ്യാറായിരിക്കെ  അനുജത്തി അവളെ ഞെട്ടിച്ചു കളഞ്ഞു.

 “എന്നെ അച്ഛന്റെ കൈയ്യിൽ നിന്നും രക്ഷിക്കാനാണെങ്കിൽ ഈ വീട് മാറേണ്ടയാവശ്യമില്ല. ചേച്ചിയോട് ചെയ്തത് അച്ഛൻ എന്നോടും ചെയ്തു.”

പിന്നെ അനാമിക രണ്ടാമതൊന്നാലോചിച്ചില്ല, രാത്രിയിൽ മുറിയിൽ കിടന്നുറങ്ങിയ അച്ഛനെ അവൾ മതിവരുവോളും തലങ്ങും, വിലങ്ങും വെട്ടി.  അതിനുശേഷം നേരെ പോലീസ് സ്റ്റേഷനിൽ ചെന്നു  വിവരം പറഞ്ഞു. വിധി അവിടെയും അവൾക്കു  കൂട്ടുനിന്നില്ല.

അല്പം പ്രാണൻ ബാക്കിയുണ്ടായിരുന്ന അയാൾ, അവളുടെ അച്ഛൻ  മൂന്നുമാസത്തെ ആശുപത്രിവാസത്തിനു ശേഷം തിരികെ വന്നു. മനോരോഗത്തിനു ചികിത്സയിലായതിനാൽ കോടതി അനാമികയെ വെറുതെ വിട്ടു.

അച്ഛമ്മ വന്ന് അനുജത്തിയെ കൊണ്ടുപോയി. സ്വന്തം മകനെ തുണ്ടം തുണ്ടം വെട്ടിയ മാനസികരോഗിയായ അനാമികയെ കൂടെ കൊണ്ടുപോകാൻ അവർ തയ്യാറായില്ല. രക്തം മണക്കുന്ന ആ വീട്ടിൽ,  വെട്ടേറ്റു  വീൽച്ചെയറിലായ  അച്ഛനെ നോക്കി ശിഷ്ടജീവിതം കൊണ്ടുപോകാൻ അവൾ തയ്യാറായില്ല, ആരുടെയൊക്കെയോ സഹായത്തോടെ ഹോസ്റ്റലിലേക്ക് മാറി.
പക്ഷെ ഏഴുവർഷത്തെ ഈ ജീവിതം അവളെ ശരിക്കുമൊരു  മനോരോഗിയാക്കിയിരുന്നു.

“ഇനി എന്തിന്, ആർക്കു വേണ്ടി എന്ന ചോദ്യവും”

മരണം അവൾക്കൊരാശ്വാസമായിരുന്നു … മറ്റൊരു ലോകത്തേക്കുള്ള രക്ഷപെടൽ ..!

കാപാലികന്മാരായ അച്ഛന്മാരിൽനിന്നും പെൺമക്കൾക്കൊരു മോചനം എന്നാണ്?

പുഷ്പമ്മ ചാണ്ടി, ചെന്നൈ

Send your news and Advertisements

You may also like

error: Content is protected !!