ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടന്മാരായ ശ്രീനാഥ് ഭാസിയെയും, ഷൈൻ ടോം ചാക്കോയെയും കൊച്ചിയിലെ മോഡൽ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യും. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്സൈസിന് നൽകിയ മൊഴി. തസ്ലിമയുടെ ഫോണിൽ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയുടെ വാട്സാപ് ചാറ്റുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.
ബിഗ് ബോസ് താരം ജിന്റോയോട് നാളെ ചോദ്യം ചെയ്യാൻ എത്തിയാൽ മതിയെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. തസ്ലീമയും താരങ്ങളും തമ്മിലുള്ള ലഹരി ഇടപാടില്‍ പാലക്കാട് സ്വദേശിയായ മോഡല്‍ ഇടനിലക്കാരി ആണോ എന്നും സംശയിക്കുന്നുണ്ട്. മോഡലിന്റെ അക്കൗണ്ടില്‍നിന്ന് തസ്ലീമയുടെ അക്കൗണ്ടിലേക്ക് പലതവണ പണം വന്നതായി കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാകും നടൻമാർ ഉൾപ്പടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്നകാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക.