കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചാണ് നടപടി. ജസ്റ്റിസുമാരായ പി കൃഷ്ണകുമാര്‍, എ മുഹമ്മദ് മുസ്താഖ് എന്നിവരുടേതാണ് വിധി. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ആവിശ്യം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018-ലാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാൽ സിംഗിൾ ബെഞ്ച് ഈ ആവശ്യം തള്ളിയതോടെ ദിലീപ് 2019-ൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണെന്നും അത് തടസ്സപ്പെടുത്താൻ അനുവദിക്കരുതെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. കേസെടുത്തതിലടക്കം ഗൂഢാലോചനയുണ്ടെന്ന് ദിലീപ് വാദിച്ചിരുന്നു. ഈ വാദങ്ങൾ പക്ഷേ കോടതി അംഗീകരിച്ചില്ല. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കേസില്‍ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. ദിലീപിന്റെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ മാസം 11-നു തന്നെ വാദം പൂർത്തിയാക്കണം എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും വിചാരണ കോടതി നൽകിയിട്ടുള്ള നിർദേശം.