കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേര്‍ കൊച്ചിയില്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ഷാലിഫ് മുഹമ്മദ് എന്ന മറ്റൊരാളേയും അറസ്റ്റ് ചെയ്തു. ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. പുലര്‍ച്ച രണ്ടു മണിയോടെ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സംവിധായകരെ അടക്കം പിടികൂടിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.
ആലപ്പുഴ ജിംഖാന, തല്ലുമാല, ഉണ്ട, അനുരാഗ കരിക്കിന്‍വെളളം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. സുലൈഖ മന്‍സില്‍, ഭീമന്റെ വഴി, തമാശ എന്നിവയാണ് അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സിനിമകള്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. എക്‌സൈസ് എത്തുമ്പോള്‍ ഇവര്‍ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. വൈദ്യപരിശോധനാ ഫലം ലഭിച്ചതിനുശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.