മുൻനിര വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായിരുന്ന സ്‌കൈപ്പ് സേവനങ്ങൾ അവസാനിപ്പിച്ചു. ഇന്നലെയാണ് (മെയ് 5 ന്) സ്‌കൈപ്പ് പ്രവർത്തനം നിർത്തിയത്. സ്കൈപ്പ് ഫോർ ബിസിനസ് താൽക്കാലികമായി തുടരും. നിലവിൽ 36 ദശലക്ഷം ദൈനംദിന ഉപയോക്താക്കളുണ്ടെന്നാണ് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത്. 2011-ലാണ് 8.5 ബില്യൺ ഡോളറിന് മൈക്രോസോഫ്റ്റ് സ്കൈപ്പ് ഏറ്റെടുത്തത്. മൈക്രോസോഫ്റ്റിനെ സംബന്ധിച്ചിടത്തോളം അത് ഏറ്റവും വലിയ ഏറ്റെടുക്കലുമായിരുന്നു.
മെറ്റാ, ഗൂഗിൾ, ആപ്പിൾ തുടങ്ങിയ ടെക് ഭീമന്മാരുടെ ആധിപത്യത്തിന് മുമ്പായിരുന്നു സ്‌കൈപ്പിന്റെ സുവർണ്ണകാലം. ഇൻ്റർനെറ്റ് ആശയവിനിമയത്തിൻ്റെ തുടക്കക്കാരായ സ്കൈപ്പ് ലോകമെമ്പാടുമുള്ള ആളുകളെ പരസ്പരം ബന്ധിപ്പിക്കാൻ വഹിച്ച പങ്ക് ചെറുതല്ല. 2010-കളുടെ മധ്യത്തിൽ 300 ദശലക്ഷത്തിലധികം ഉപയോക്താക്കൾ സ്കൈപ്പിനുണ്ടായിരുന്നു.
ആദ്യകാലങ്ങളില്‍ സ്‌കൈപ്പ് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ നിലവില്‍ നിരവധി മറ്റു ആപ്പുകളുടെ സേവനം ലഭ്യവുമാണ്. വാട്‌സ്ആപ്പ്, ഗൂഗിള്‍ മീറ്റ്, സ്ലാക്ക്, സൂം, സിഗ്നല്‍ പോലുള്ളവ അതിൽ ചിലതാണ്.