Sunday, August 31, 2025
Mantis Partners Sydney
Home » വയനാട്ടിൽ ‘എക്സ് ബാൻഡ് റഡാർ’ സ്ഥാപിക്കുന്നു
വയനാട്ടിൽ 'എക്സ് ബാൻഡ് റഡാർ' സ്ഥാപിക്കുന്നു

വയനാട്ടിൽ ‘എക്സ് ബാൻഡ് റഡാർ’ സ്ഥാപിക്കുന്നു

by Editor

കൽപ്പറ്റ: സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വയനാട്‌ പുൽപ്പള്ളിയിൽ ‘എക്സ്-ബാൻഡ് റഡാർ’ സ്ഥാപിക്കുന്നതിനുള്ള ധാരണപത്രം ബുധനാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പിടും. പഴശിരാജാ കോളജിൻ്റെ ഭൂമിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നാണ് വിപുലമായ കാലാവസ്ഥാ നിരീക്ഷണ സംവിധാനം ഒരുക്കുന്നത്.

ബംഗളൂരുവിലെ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡാണ് (ബിഎച്ച്ഇഎൽ) റഡാർ നിർമിച്ചിട്ടുള്ളത്. പുൽപ്പള്ളി പഴശിരാജാ കോളജ് പദ്ധതിക്ക് ആവശ്യമായ 9687.52 ചതുരശ്രയടി ഭൂമി 30 വർഷത്തേക്ക് സൗജന്യമായി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.

തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾക്കും റഡാറിൻ്റെ സഹായം ലഭിക്കും. കാർമേഘങ്ങൾ എത്ര ദൂരത്തിലാണെന്നും ജലബാഷ്‌പത്തിൻ്റെ അളവ് എത്രയെന്നുമെല്ലാം കണ്ടെത്തും. ഏതെല്ലാം പ്രദേശങ്ങളിൽ എത്ര മണിക്കൂർ മഴയുണ്ടാകുമെന്നും തീവ്രത എത്രത്തോളമെന്നുമെല്ലാം മുൻകൂട്ടി മനസിലാക്കാം. തിരുവനന്തപുരത്തെയും കൊച്ചിയിലെയും റഡാർ ഉപയോഗിച്ചാണ് ഇപ്പോൾ സംസ്ഥാനത്ത് പ്രധാനമായും മഴ മുന്നറിയിപ്പും ജാഗ്രതാ നിർദേശവും നൽകുന്നത്.

ബുധൻ രാവിലെ 10.30ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ രാജൻ, പി പ്രസാദ് എന്നിവരും പങ്കെടുക്കും. പഴശിരാജ കോളജിന് വേണ്ടി ബത്തേരി രൂപതയുടെ വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ കീപ്പള്ളി, കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വേണ്ടി തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി നീതാ ഗോപാൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് വേണ്ടി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് എന്നിവർ ധാരണ പത്രത്തിൽ ഒപ്പു വയ്ക്കും.

Send your news and Advertisements

You may also like

error: Content is protected !!